കോഴിക്കോട്: അരയാൾ ഉയരത്തിൽ പുല്ലും കാടും നിറഞ്ഞ് ഷുദ്രജീവികളുടെ താവളം. നേരത്തെ ഇങ്ങനെയായിരുന്നു കണ്ണാടിക്കൽ വടക്കേ വയലിൻ്റെ സ്ഥിതി. ഇന്ന് വടക്കേ വയലിൻ്റെ സ്ഥിതിയാകെ മാറുകയാണ്. പുന്നെല്ലിൻ്റെ സുഗന്ധം വീണ്ടും പരക്കുന്നുണ്ട്.
കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിലെ നൂറോളം എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണ് വടക്കേ വയലിൽ നെൽകൃഷി വീണ്ടുമെത്തിച്ചത്. പ്രദേശത്തെ കർഷകരാണ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾക്ക് വേണ്ട പിന്തുണ നൽകുന്നത്. കാർഷികവകുപ്പും നെൽകൃഷിക്കാവശ്യമായ മാർഗനിർദേശങ്ങളുമായി ഒപ്പമുണ്ട്.
വടക്കേ വയലിൽ ഒന്നരയേക്കർ സ്ഥലത്തു ചെയ്‌ത നെൽകൃഷി ഇപ്പോൾ വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്. അത്യുല്‍പാദനശേഷിയുള്ള മട്ടത്രിവേണിയും ഉമയും അന്നപൂർണ്ണയുമെല്ലാം നൂറുമേനി വിളവാണ് നൽകിയത്. കൊയ്ത്തിനു പാകമായ നെൽകൃഷി വിളവെടുപ്പ് ഉത്സവമായാണ് കൊയ്തെടുക്കുന്നത്.
പ്രദേശത്തെ ജനപ്രതിനിധികളും കർഷകരും നാട്ടുകാരുമെല്ലാം നെല്ല് കൊയ്യുന്നതിന് എൻഎസ്എസ് അംഗങ്ങളുടെ ഒപ്പമുണ്ട്. ആദ്യ കൃഷി തന്നെ വലിയ വിജയമായതോടെ വരുംവർഷങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കാൻ ആണ് ഇവരുടെ തീരുമാനം.