തിരുവനന്തപുരം : നീറമണ്‍കരയിൽ അലമാര തലയില്‍ വീണ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്‌മി (83) ആണ് മരിച്ചത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുകളില്‍ അലമാര വീണുകിടക്കുകയുമായിരുന്നു. ഇവർ ഒറ്റയ്ക്കായിരുന്നു താമസം. വൃദ്ധയെ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നും മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മനസിലാക്കാൻ സാധിക്കൂ എന്നും കരമന പൊലീസ് അറിയിച്ചു.
മലപ്പുറത്ത് നാലുവയസുകാരന് ദാരുണാന്ത്യം : ഗേറ്റ് ദേഹത്തുവീണ് നാലുവയസുകാരന് ദാരുണാന്ത്യം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. കൊണ്ടോട്ടി ഓമാനൂർ കീഴ്‌മുറി എടക്കുത്ത് താമസിക്കുന്ന മുള്ളമടക്കല്‍ ഷിഹാബുദ്ദീന്‍റെ മകന്‍ മുഹമ്മദ് ഐബക്ക് 4 ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ നീക്കുന്ന ഗേറ്റ് കുട്ടിയുടെ മേലെ മറിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടി എത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ് റസീന. സഹോദരങ്ങള്‍ റിഷാന്‍, ദില്‍ഷാല്‍ ഐദിന്‍.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടർ നടപടികൾക്ക് ശേഷം മയ്യിത്ത് ഇന്ന് ഓമാനൂർ വലിയ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.