പത്തനംതിട്ട: കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലീഗ്, എസ്‌ഡിപിഐ, ജമാഅത്ത് ഇസ്‌ലാമി കൂട്ടുക്കൊട്ടാണ് യുഡിഫിൻ്റെ ജയത്തിന് കാരണമെന്നും അദ്ദേഹം. പത്തനംതിട്ടയില്‍ കെഎസ്‌കെടിയു പത്തനംതിട്ട ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കൂട്ട് കെട്ട് അപകടമാണ്. വർഗീയ പ്രസ്ഥാനങ്ങളെ തുറന്നുകാട്ടി മുന്നോട്ടു പോകാനാകണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എസ്എൻഡിപി വിഭാഗത്തെ കാവിവത്‌കരിക്കുകയാണ് ബിഡിജെഎസ്. വർണ്ണമില്ലാത്ത എസ്എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണ്.
ആലപ്പുഴയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തി. എസ്എൻഡിപി എടുക്കുന്ന വർഗീയ നിലപാടിന്നെ അതിശക്തിയായി എതിർക്കണം. അതിനെ ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം. തെറ്റായത് ഒന്നിനെയും വച്ചു പൊറുപ്പിക്കുന്ന പ്രസ്ഥാനം അല്ല ഇടത് പക്ഷം. തിരുത്തേണ്ടതെല്ലാം തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റുകള്‍ തിരുത്താൻ തയ്യാറായാല്‍ ആരെയും പാർട്ടിയുടെ ഭാഗമാക്കുമെന്ന് എംവി ഗോവിന്ദൻ പിന്നീട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് കാപ്പ കേസ് പ്രതി ഉൾപ്പെടെ 60 ഓളം പേർ സിപിഎമ്മില്‍ ചേർന്നതു സംബന്ധിച്ച ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. ആർഎസ്എസ് തനിസ്വരൂപമുള്ളവരാണ് പാർട്ടിയിലേക്ക് വരുന്നത്. അവരെ കമ്യൂണിസ്റ്റുകളാക്കാൻ സമയമെടുക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.