തൃശൂർ: മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപണ വിധേയനായ പികെ ശശിക്കെതിരെ നടപടിയെടുത്തുവെന്ന വാർത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘടന ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹം ജില്ല കമ്മിറ്റി അംഗമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല കമ്മിറ്റിയംഗമായിട്ട് അദ്ദേഹം തുടരും. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവയ്‌ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പികെ ശശിക്കെതിരെ ഒരു നിലപാടും പാർട്ടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളജിൻ്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പികെ ശശിയെ പാർട്ടി ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയേക്കുമെന്ന വാർത്തകൾ പുറത്ത് വന്നത്.
ബിജെപിക്കെതിരെയും വിമര്‍ശനം: ബിജെപി എന്നും പറയുന്നത് ഭരണഘടന വേണ്ട എന്നാണ്. അന്നും പറഞ്ഞത് തന്നെയാണ് ഇന്നും പറയുന്നത്. എന്നും അവർ അങ്ങനെ തന്നെയാണ് പറയുന്നത്. അവർക്ക് ചാതുർവർണ്യ വ്യവസ്ഥയിൽ അതിസ്ഥിതമായ ഭരണഘടന വേണം. അത് മനുസ്‌മൃതിയെ അടിസ്ഥാനമാക്കിയിട്ടുളളതായിരിക്കണം.
ഇന്ത്യൻ റിപ്പബ്ളിക് അടിസ്ഥാനമാക്കിയിട്ടുളള ഈ ഭരണഘടനയെ അവർ അന്നും ഇന്നും അംഗീകരിക്കുന്നില്ല. കെസി ഗോപാലകൃഷ്‌ണൻ പറഞ്ഞ കാര്യം പ്രത്യേകം നോക്കേണ്ട കാര്യമില്ലെന്നും ബിജെപിക്കാർ എല്ലാവരും പറയുന്ന അതേ കാര്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.