തിരുവനന്തപുരം: കരിമഠം കോളനിയിലെ 19കാരന്‍ അർഷാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിക്ക് നേരെ വധശ്രമം. അർഷാദിന്‍റെ കൊലപാതകത്തില്‍ അറസ്‌റ്റിലായ പ്രായപൂർത്തിയാകാത്ത ഏഴാം പ്രതി ഒരു മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. തുടര്‍ന്ന് ശ്രീകാര്യത്തെ ബന്ധു വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ബന്ധു വീട്ടിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.
ഇക്കഴിഞ്ഞ 14 ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. സഹോദരിയുമായി ബൈക്കിൽ പോയ ഏഴാം പ്രതിയെ മൂന്നു ബൈക്കിലായി എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ശ്രീകാര്യം പൊലീസ് അറസ്‌റ്റ് ചെയ്‌തു. പിടിയിലായ ആറു പേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. കരിമഠം സ്വദേശികളായ യഥുകൃഷ്‌ണൻ (23), ഷിബിൻ (22), വിവേക് (22) സുൽഫി (26)എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പ്രതികളെല്ലാം കൊല്ലപ്പെട്ട അർഷാദിന്‍റെ സുഹൃത്തുക്കളാണ്. അർഷാദിനെ കൊന്നതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, കാര്യവട്ടത്ത് കാറിൽ സഞ്ചരിക്കവേ ആണ് പ്രതികളെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 21 ന് ആണ് എട്ടംഗ സംഘം അര്‍ഷാദിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സംഘവുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Also Read : കരിമഠം അർഷാദ് കൊലപാതകം, ആക്രമണം നടത്തിയത് എട്ടംഗ സംഘം
യുവതിയുടെ മാല കവർന്നു: തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ പ്ലാമൂട്ടുകടക്ക് സമീപം ബൈക്കിൽ എത്തിയ സംഘം യുവതിയുടെ മാല കവർന്നു. വിരാലി സ്വദേശിയായ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന ആറ് പവന്‍റെ മാലയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം കവർന്നത്.
വഴിയിൽ നിൽക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് ഹെൽമറ്റ് ധരിച്ചെത്തിയ സംഘം മാല പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ആളാണ് മാല പിടിച്ചു പറിച്ചത്. ആക്രമണത്തിൽ യുവതിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.
പൊഴിയൂർ പൊലീസ് ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിൽ ബൈക്കിന്‍റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണം ഊർജ്ജിതമാക്കിയതായി പൊഴിയൂർ പൊലീസ് വ്യക്തമാക്കി.