ഇടുക്കി: തണുത്ത് വിറച്ച് തെക്കിന്‍റെ കശ്‌മീരായ മൂന്നാര്‍. താപനില മൈനസിലെത്തി. കന്നിമല, ദേവികുളം, അരുവിക്കാട്, ചെണ്ടുവരൈ, സൈലന്‍റ്‌വാലി എന്നിവിടങ്ങളിലെ താപനിലയാണ് മൈനത്തിലെത്തിയത്. കൂടാതെ വട്ടവട മേഖലയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.
തണുത്തുറഞ്ഞിരിക്കുകയാണ് മൂന്നാറിലെ വെള്ളക്കെട്ടുകളും ജലാശയങ്ങളും. പുല്‍മേടുകളെല്ലാം മഞ്ഞിന്‍ കണങ്ങളില്‍ പുതഞ്ഞിരിക്കുന്നു. പുക പോലെ എങ്ങോട്ടെന്നില്ലാതെ കോടയങ്ങനെ പറന്നിറങ്ങുന്നു. ഇത് മൂന്നാറിലെത്തുന്ന ഏതൊരാളുടെയും മനം കുളിര്‍പ്പിക്കും.
അതിശൈത്യം അനുഭവപ്പെട്ടതോടെ ഇങ്ങോട്ടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. ക്രിസ്‌മസും ന്യൂയറും എത്തിയതോടെ എങ്ങും സന്ദര്‍ശകരുടെ തിരക്ക് തന്നെ. റിസോട്ടുകളും ഹോട്ടലുകളുമെല്ലാം സന്ദര്‍ശകരാല്‍ നിറഞ്ഞു.
രാത്രിയിലും പുലര്‍ച്ചെയുമാണ് മൂന്നാറില്‍ വലിയ തണുപ്പ് അനുഭവപ്പെടുന്നത്. കാര്‍മേഘമൊഴിഞ്ഞതോടെയാണ് മൂന്നാറില്‍ തണുപ്പ് കാലമാരംഭിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്നായിരുന്നു താപനില. വിദേശികളേയും സ്വദേശികളേയും ഒരേ പോലെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാര്‍. 2023ല്‍ ഏകദേശം 15 ലക്ഷത്തിന് മുകളില്‍ അഭ്യന്തര വിനോദ സഞ്ചാരികള്‍ മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങിയതായാണ് കണക്ക്.
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് താപനില മൈനസിലെത്തിയിരിക്കുന്നത്. ഇത്തവണ വൈകിയാണ് തണുപ്പെത്തിയതെങ്കിലും നല്ല കിടുക്കാച്ചി തണുപ്പാണ് ഇപ്പോഴുള്ളത്. താപനില മൈനസിലെത്തിയതോടെ ഇനിയും സഞ്ചാരികളുടെ തിരക്കേറുമെന്നാണ് പ്രതീക്ഷ.
Also Read |
- ലോക ടൂറിസം രംഗത്ത് ഇന്ത്യയ്‌ക്ക് കുതിച്ചുചാട്ടം; 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുന്നോട്ട്
- സഞ്ചാരികളെക്കാത്തിരിക്കുന്നു കേരളത്തിലെ കിടിലന്‍ ട്രക്കിങ് സ്പോട്ടുകള്‍; ബുക്കിങ്ങും നിരക്കുകളും ഇങ്ങനെ
- വയനാട്ടിലേക്ക് ട്രിപ്പ് പോകുന്നുണ്ടോ?; ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ട്, സഞ്ചാരികളുടെ എണ്ണവും പരിമിതപ്പെടുത്തി, വിശദമായി അറിയാം...