കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു കൊലപ്പെട്ട കേസിൽ കുട്ടിയുടെ മാതാവായ രേഷ്‌മയ്ക്ക് പത്ത് വർഷം തടവ്. കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ ജഡ്‌ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്. ജുവൈനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം ഒരു വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു.
2021 ജനുവരി നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിലെ കുളിമുറിയിൽ വച്ച് ആൺ കുഞ്ഞിന് ജന്മം നൽകിയ രേഷ്‌മ വീട്ടുകാർ അറിയാതെ കുട്ടിയെ സമീപത്തെ റബർ തോട്ടത്തിലെ കരിയില കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേദിവസം അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ കൊല്ലം ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടി യിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഡിഎൻഎ പരിശോധനയിലൂടെയാണ് കുട്ടി രേഷ്‌മയുടേതാണെന്ന് കണ്ടെത്തിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട നേരിൽ കാണാത്ത കാമുകൻ അനന്തുവിന് വേണ്ടിയായിരുന്നു സ്വന്തം കുഞ്ഞിനെ രേഷ്‌മ കൊലപ്പെടുത്തിയത്. എന്നാൽ അനന്തു വെന്ന പേരിൽ വ്യാജ അക്കൗഡ് ഉണ്ടാക്കി രേഷ്‌മയുമായി ചാറ്റ് ചെയ്‌തത് ബന്ധുക്കളായ ആര്യയും, ഗ്രീഷ്‌മയുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതൊടെ ഇരുവരും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു.
Also Read: നവജാത ശിശുവിനെ റോഡിലെറിഞ്ഞ് കൊന്ന സംഭവം; പ്രതിയായ മാതാവിന് ഉപാധികളോടെ ജാമ്യം
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 31 സാക്ഷികളെ വിസ്‌തരിക്കുകയും 66 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. രേഷ്‌മയുടെ പ്രായം പരിഗണിച്ച് പ്രതിക്ക് പരാമാവധി ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമായും ഡി എൻ എ പരിശോധനയിലെ വിവരങ്ങൾ പരിഗണിച്ചാണ് കോടതി 10 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ചതെന്ന് പബ്ലിക്ക് പ്രാസിക്യൂട്ടർ വൃക്തമാക്കി. രേഷ്‌മയുടെ ബന്ധുക്കളും ഭർത്താവും കോടതിയിൽ ഹാജരായിരുന്നെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.