ഇടുക്കി: ഭൂവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എംഎല്‍എ എംഎം മണി. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു സര്‍ക്കാരും കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിനെ മാത്രമല്ല റവന്യൂ വകുപ്പിനെയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയിലെ ജനങ്ങൾക്കുള്ളത്. ശാന്തന്‍പാറ ഫോറസ്റ്റ് ഓഫിസിലേക്ക് നടന്ന ബഹുജന മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
കുടിയേറ്റിയ ഗവൺമെൻ്റ് തന്നെ ഇപ്പോൾ കയ്യൊഴിഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ല. ജീവിക്കുന്നുവെങ്കിൽ ഇവിടെ തന്നെ ജീവിക്കും. അതല്ല മരിക്കുകയാണെങ്കില്‍ ഇവിടെ തന്നെ മരിക്കും. ഇവിടെ നിന്ന് ഇറക്കി വിടാമെന്ന് ഒരു ഉദ്യോഗസ്ഥരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരത്തന്മാരോട് കാണിക്കുന്ന സമീപനമാണ് ഇടുക്കിയിലെ ജനങ്ങളോട് കാണിക്കുന്നത്. അത്തരത്തില്‍ ചിന്തിക്കുന്നവരെ വച്ച് പൊറുപ്പിക്കില്ല. ഇടുക്കിയിലെ ആളുകള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനം വകുപ്പ് ഇനിയും പ്രശ്‌നം ഉണ്ടാക്കിയാല്‍, പുറത്ത് ഇറങ്ങി നടക്കാന്‍ കുറച്ച് വിഷമിക്കുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി. സംഘടിതമായി സമരം നടത്തേണ്ട സമയമാണിതെന്നും ഭരിക്കുന്ന ഗവണ്‍മെൻ്റ് നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്ന് എംഎം മണി കൂട്ടിച്ചേര്‍ത്തു.
Also Read: ഇടുക്കിയിലെ കയ്യേറ്റത്തില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി; കേസ് സിബിഐയ്ക്ക് വിട്ടേക്കും