തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫിസിനുള്ളില്‍ സംഘര്‍ഷവും, കയ്യേറ്റവും. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഓഫിസിലാണ് അഡിഷണൽ സെക്രട്ടറിയും, ചീഫ് എഞ്ചിനീയറും തമ്മിൽ കയ്യേറ്റമുണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാനെത്തിയ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ ശ്യാം ഗോപാലും, മന്ത്രിയുടെ അഡിഷണൽ സെക്രട്ടറി എസ്. പ്രേംജിയും തമ്മിലാണ് മന്ത്രിയുടെ ഓഫസിനുള്ളില്‍ വച്ച് പ്രശ്‌നം ഉണ്ടായത്. തുടര്‍ന്ന് ഇത് കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു.
പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ എത്തിയ തന്നെ അഡിഷണൽ സെക്രട്ടറി കയ്യേറ്റം ചെയ്‌തു എന്ന് മന്ത്രിക്കും ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്കും ശ്യാം ഗോപാൽ പരാതി നൽകി. എന്നാൽ ഓഫിസിൽവച്ച് എഞ്ചിനീയറുമായി താന്‍ വാക്കു തർക്കം ഉണ്ടായെന്നും എന്നാല്‍ കയ്യേറ്റം ചെയ്‌തിട്ടില്ലെന്നും എസ് പ്രേംജി പ്രതികരിച്ചു (Minister office problem).
ഈ കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. കുട്ടനാട് പാക്കേജ് ആൻഡ് ഇൻ ലാൻഡ് നാവിഗേഷൻ ചീഫ് എഞ്ചിനീയറാണ് ശ്യാം ഗോപാൽ. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഒരു സബ്‌മിഷൻ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ കൃത്യമായ വിശദീകരണം നൽകാത്തതിന്‍റെ പേരിൽ ബുധനാഴ്‌ച മന്ത്രിയുടെ ഓഫിസിൽ വച്ച് ശ്യാം ഗോപാലിനോട് വിശദീകരണം ചോദിച്ചിരുന്നു (Conflict inside the Minister's office in secretariat).
എന്നാൽ ഓഫിസിലുള്ളവരോട് ഇത് സംബന്ധിച്ച് മോശമായ രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി ഉണ്ടായതെന്നും, ഈ കാര്യം ചൂണ്ടിക്കാട്ടി മന്ത്രിക്ക് ബുധനാഴ്‌ച തന്നെ പരാതിയും നൽകിയിരുന്നുവെന്നും ഓഫീസ് ജീവനക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് വ്യാഴാഴ്‌ച മനപ്പൂർവ്വം പ്രശ്‌നം ഉണ്ടാക്കാനായി ശ്യാം ഗോപാൽ എത്തിയതാണെന്നും തുടർന്നാണ് വാക്കുതർക്കം ഉണ്ടായതെന്നും ഓഫീസ് ജീവനക്കാർ പറയുന്നു.
അതേസമയം വ്യാഴാഴ്‌ച ഓഫിസിൽ എത്തിയപ്പോൾ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി പി സി ജെയിംസ് ക്യാബിനിലേക്ക് ക്ഷണിച്ചപ്പോൾ അകത്തുണ്ടായിരുന്ന അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് ആക്രോശിക്കുകയും, തന്നെ കയ്യേറ്റം ചെയ്യുകയാണ് ചെയ്‌തതെന്നുമാണ് ശ്യാം ഗോപാൽ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം മൂന്ന് മാസം കൂടി കഴിഞ്ഞാൽ ശ്യാം ഗോപാൽ ജോലിയിൽ നിന്നും വിരമിക്കുമെന്നും, നടപടി ഭയന്നാണ് കയ്യേറ്റം ചെയ്‌തുവെന്ന പരാതി ഇപ്പോൾ ഉയർത്തുന്നതെന്നമാണ് മന്ത്രിയുടെ ഓഫിസ് ജീവനക്കാർ പറയുന്നത്.