പാലക്കാട്: നാല് വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടത്തെ റോഡ് നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിർമാണത്തിലെ തകരാറുകൾ പരിശോധനയിൽ വ്യക്തമായി. പ്രശ്‌നപരിഹാരത്തിന് ചൊവ്വാഴ്‌ച പ്രത്യേക യോഗം വിളിച്ചിട്ടുണ്ട് എന്നും ഗണേഷ് കുമാർ പറഞ്ഞു.
വ്യാഴാഴ്‌ച (ഡിസംബർ 12) അപകടമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി അദ്ദേഹം. റോഡിൻ്റെ നിർമാണവും മാർക്കിങ്ങും അശാസ്ത്രീയമാണ്. ഒരു വശത്ത് കൂടുതൽ വീതിയും മറുവശത്ത് കുറഞ്ഞ വീതിയും ഇട്ടാണ് റോഡിന് നടുവിൽ മാർക്ക് ഇട്ടിരിക്കുന്നത്.
ഇത് പരിഹരിക്കാൻ അടിയന്തിരമായി ഡിവൈഡർ സ്ഥാപിക്കും. മാത്രമല്ല ഓട്ടോ സ്‌റ്റാൻഡിൻ്റെ സ്ഥാനവും മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ ചൊവ്വാഴ്‌ച യോഗം വിളിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ നിർദേശങ്ങളും യോഗത്തിൽ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് സ്വയം കാർ ഡ്രൈവ് ചെയ്‌താണ് മന്ത്രി കാര്യങ്ങൾ വിലയിരുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം അപകടത്തിൽ മരിച്ച കുട്ടികളുടെ വീട് മന്ത്രി ഗണേഷ് കുമാർ സന്ദർശിച്ചു. കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്ന കാര്യം അടുത്ത ക്യാബിനറ്റ് യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: പനയമ്പാടത്തെ വിദ്യാർഥിനികളുടെ അപകട മരണം: റോഡ് ഉപരോധിച്ച് യൂത്ത് ലീഗ്, സമരത്തിൽ സംഘർഷം