തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ജോയിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും സജീവ ചർച്ചയായി മാലിന്യ പ്രശ്‌നം. വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത്. ക്ലീൻ കേരള കമ്പനി, ഹരിത കർമ്മ സേന എന്നിവരുടെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ പ്രതിപക്ഷ നേതാവ് മാലിന്യ പരിപാലനത്തിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിക്കുന്നതായി ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷ് ഇന്നലെ പ്രതിപക്ഷ നേതാവിന് തുറന്ന കത്തെഴുതി.
മന്ത്രി തന്നെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ തുറന്ന കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിന് പിന്നാലെ ഇന്ന് മന്ത്രിക്ക് മറുപടി കത്ത് നൽകിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാലിന്യക്കൂമ്പാരത്തിന് നടുവില്‍ കിടന്നു കൊണ്ട് ഇവിടെ എല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി, കത്തിൽ അടുത്തിടെ സംസ്ഥാനത്തുണ്ടായ മാലിന്യ പ്രശ്‌നങ്ങൾ എണ്ണി പറഞ്ഞും വിമർശനം ഉന്നയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മാലിന്യ സംസ്‌കരണത്തിനും മഴക്കാലപൂര്‍വ ശുചീകരണത്തിനും വകയിരുത്തിയ തുക പോലും ചെലവഴിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ മന്ത്രി നല്‍കിയ ഉത്തരത്തില്‍ നിന്നും വ്യക്തമാകുന്നത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 2023-24 വര്‍ഷം കോര്‍പറേഷന്‍ 8.08 കോടി രൂപ വകയിരുത്തിയതില്‍ ചെലവഴിച്ചത് 2.62 കോടി രൂപ മാത്രമാണെന്നും നഗരത്തിലെ 100 വാര്‍ഡുകളിലെ 1029 ഓടകളില്‍ 879 എണ്ണം മാത്രമാണ് ശുചീകരിച്ചതെന്നും നിയമസഭയില്‍ മന്ത്രി സമ്മതിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ജോയിയുടെ മരണത്തിന് പിന്നാലെ മാലിന്യ പ്രശ്‌നത്തിൻ രാഷ്ട്രീയാരോപണങ്ങൾ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയരുകയാണ്. ജോയിക്ക് വീട് അനുവദിക്കാൻ ചേർന്ന തിരുവനന്തപുരം നഗരസഭ കൗൺസിലിലും വിഷയം എല്ലാ രാഷ്ട്രീയ പാർട്ടികളും തമ്മിൽ ആരോപിച്ചു.
ALSO READ: 'പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ചെറുക്കണം, ഇത് കേരളത്തിനെതിരെയുള്ള ഗൂഢനീക്കം': വി.അബ്‌ദുറഹിമാന്‍