തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങവേ മാലിന്യത്തിൽ കുടുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് മേയർ ആര്യ രാജേന്ദ്രൻ. ജോയിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നും വീട്ടിലേക്ക് കയറ്റിയയക്കുന്നതിനിടെയാണ് മേയർ ആര്യ രാജേന്ദ്രൻ പൊട്ടിക്കരഞ്ഞത്.
എംഎൽഎ സികെ ഹരീന്ദ്രനുമായി സംസാരിക്കുന്നതിനിടെ മേയർ പൊട്ടിക്കരയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന എംഎൽഎ ഉൾപ്പടെയുള്ളവർ സമാധാനിപ്പിച്ചു. ജീവനോടെ ജോയിയെ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും സാധ്യമായതെല്ലാം നഗരസഭ ചെയ്‌തുവെന്നും പറഞ്ഞായിരുന്നു മേയർ വികാരാധീനയായത്.
ഇതിനിടെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് വിമർശനവും ഉയർന്നിരുന്നു. തമ്പാനൂര്‍ ഭാഗത്ത് ആമയിഴഞ്ചാന്‍ തോടിന് സമീപമുള്ള ടണലിലാണ് ജോയിയെ ശനിയാഴ്‌ച രാവിലെ 11 മണിയോടെ കാണാതാകുന്നത്. തുടര്‍ന്ന് ജെന്‍ റൊബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ റോബോട്ടിക് സംവിധാനങ്ങളും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.
തിങ്ങി നിറഞ്ഞ് കല്ലു പോലെ കെട്ടികിടക്കുന്ന മാലിന്യം വകഞ്ഞു മാറ്റി മണിക്കൂറുകള്‍ നീണ്ടു നിന്ന തെരച്ചിലിനിടെ ഇന്നലെ മാത്രം 5 ലക്ഷം ലിറ്റര്‍ വെള്ളം ടണല്‍ ഭാഗത്ത് നിന്നും പമ്പ് ചെയ്‌ത് നീക്കിയിരുന്നു. നാവിക സേനയുടെ സോണാർ സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ഇന്ന് തെരച്ചിൽ നടത്തിയതിനിടെയാണ് 9:30 യോടെ ജോയിയുടെ മൃതദേഹം നഗരസഭ ശുചീകരണ ഉദ്യോഗസ്ഥർ തകരപറമ്പ് ഭാഗത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് ജോയിയുടെ സഹോദരന്‍റെ മകൻ മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തി മൃതദേഹം ജോയിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.