എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനി എംഡി ശശിധരൻ കർത്ത ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായില്ല. ഇന്നലെ ഹാജരാകാൻ നേരത്തെ നോട്ടിസ് നൽകിയിരുന്നെങ്കിലും ആരോഗ്യകരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി തിങ്കളാഴ്‌ച (ഏപ്രില്‍ 15) രാത്രി വീണ്ടും നോട്ടിസ് നൽകിയത്.
സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഒരു ദിവസം നീണ്ട എൻഫോഴ്‌സ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യൽ പൂർത്തിയായി. തിങ്കളാഴ്‌ച വൈകുന്നേരം തുടങ്ങിയ ചോദ്യം ചെയ്യലാണ് തുടർച്ചയായ രണ്ടാം ദിവസവും തുടർന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവർ കൊച്ചിയിലെ ഇഡി ഓഫിസിൽ നിന്നും മടങ്ങി.
കമ്പനി എംഡിസി എൻ ശശിധരൻ കർത്തയിൽ നിന്ന് കൂടി ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മകൾ വീണയെ ഇഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നേരത്തെ ഇതേ കേസിൽ എസ്എഫ്ഐഒ വീണയുടെ മൊഴി രേഖപ്പെടുത്തിയ വിവരങ്ങൾ പുറത്ത് വന്നിരുന്നു.
എക്‌സാലോജിക് കമ്പനിക്കും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ 1.72 കോടി രൂപ സിഎംആർഎൽ നൽകിയെന്നാണ് ആരോപണം. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വ്യാഖ്യാനം. ബാങ്ക് വഴി നടത്തിയ ഇടപാട് കള്ളപ്പണം വെളുപ്പിക്കലിൻ്റെ പരിധിയിൽ വരില്ലെന്നാണ് എക്‌സാലോജിക്ക് കമ്പനിയുടെ നിലപാട്.
അതേസമയം, തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യുന്ന നടപടികളിലേക് ഇഡി കടന്നാൽ ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായേക്കും. കോൺഗ്രസും ബിജെപിയും ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരായ പ്രധാന പ്രചാരണ ആയുധമായ മാസപ്പടി ആരോപണം ഉയർത്തി കാണിക്കും. അതേസമയം, ബിജെപി സർക്കാറിൻ്റെ രാഷ്ട്രീയ പ്രേരിത നീക്കമായി ഇടത് മുന്നണിയും സിപിഎമ്മും ഈ വിഷയത്തിൽ പ്രതിരോധം തീർക്കാനാണ് സാധ്യത.
ഇഡിയുടെ നോട്ടിസ് ലഭിച്ചാലും വീണ വിജയൻ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജറാകാനും ഇടയില്ല. കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ക്രമക്കേട് കമ്പനി നിയമപ്രകാരം അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണത്തിന് പിന്നാലെയാണ് മാസപ്പടി ആരോപണത്തിൽ ഇഡി അന്വേഷണം തുടങ്ങിയത്.
ALSO READ: മാസപ്പടി കേസ്: സിഎംആർഎൽ കമ്പനി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനത്തില്‍ - മാസപ്പടി കോഴക്കേസ്