പത്തനംതിട്ട: യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. അടൂർ ഏഴംകുളം സ്വദേശി രതീഷ് (39) നെയാണ് അടൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ പൊലീസിൽ മൊഴി നൽകി കേസെടുപ്പിക്കുകയും, തുടർന്ന് ജയിലിലാക്കപ്പെടുകയും ചെയ്‌ത വിരോധത്തിലാണ് യുവതിയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. ഞായറാഴ്‌ച (ഏപ്രിൽ 14) രാത്രി എട്ടിനാണ് സംഭവം.
രാത്രി ഏഴരയോടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും മകനെയും മർദ്ദിച്ച്, പെട്രോൾ ദേഹത്തൊഴിക്കുകയുമായിരുന്നു. തുടർന്ന് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
രതീഷും യുവതിയും സുഹൃത്തുക്കളായിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മിൽ അകന്നിരുന്നു. അകൽച്ചയെ തുടർന്ന്, കഴിഞ്ഞവർഷം തന്നെ ഉപദ്രവിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കേസെടുത്ത അടൂർ പൊലീസ് രതീഷിനെ അറസ്‌റ്റ് ചെയ്‌തു. ഇതിൻ്റെ വിരോധത്തിലാണ് ഇപ്പോൾ ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഫെബ്രുവരി 23 ന് രാത്രി അടൂർ പറക്കോട് കോട്ടമുകളിലുള്ള ഓഡിറ്റോറിയത്തിന് സമീപത്ത് 110 കെ വി വൈദ്യുതി ലൈനിൻ്റെ ടവറിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ഒരു കുപ്പി പെട്രോളുമായി ടവറിനു മുകളിൽ കയറിയ ഇയാൾ അക്രമിത്തിനിരയായ യുവതിയെ കാണണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഉയർത്തിയത്. രതീഷിൻ്റെ ഭാര്യയും ബന്ധുക്കളുമടക്കം ആവശ്യപ്പെട്ടിട്ടും താഴെയിറങ്ങാൻ തയ്യാറായില്ല.
മണിക്കൂറുകൾക്കൊടുവിൽ സുഹൃത്തായ യുവതിയെ സ്ഥലത്തെത്തിക്കുകയും പൊലീസിൻ്റെ അഭ്യർത്ഥന പ്രകാരം യുവാവിനോട് ടവറിൽ നിന്നും ഇറങ്ങാൻ യുവതി ഫോണിൽ കൂടി ആവശ്യപ്പെടുകയുമായിരുന്നു. തുടർന്നാണ് രതീഷ് താഴെയിറങ്ങിയത്. അടൂർ പൊലീസ് ഇൻസ്പെക്‌ടർ ആർ രാജീവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് രതീഷിനെ കസ്‌റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also Read: ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു; ക്രൂരത അരങ്ങേറിയത് ആലപ്പുഴ ചേര്‍ത്തലയില്‍