തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷ പദവി വഹിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവും സേനറ്റ് അംഗവുമായ എം വിന്‍സെന്‍റ് എംഎല്‍എ. മന്ത്രിയും ഇടത് അംഗങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ തിരക്കഥയാണ് സർവകലാശാലയിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ എം വിന്‍സെന്‍റ്.
ഗവര്‍ണര്‍ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി എംഎല്‍എ എത്തിയത്. യോഗം അലങ്കോലമാക്കാനാണ് മന്ത്രി യോഗത്തിന് എത്തിയത്. മന്ത്രിയുടെ നിയമ വിരുദ്ധ ഇടപെടൽ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെനറ്റ് യോഗത്തിൽ മന്ത്രി അധ്യക്ഷയായത് നിയമ വിരുദ്ധമായാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
എത്ര കാലം വേണമെങ്കിലും വിസിമാർ ഇല്ലാതെ യൂണിവേഴ്‌സിറ്റികള്‍ പ്രവർത്തിക്കട്ടെയെന്ന നിലപാടാണ് മന്ത്രിക്ക്. യുജിസിക്ക് എതിരാണ് മീറ്റിങ് എങ്കില്‍ എന്തുകൊണ്ട് മീറ്റിങ്ങിന് നിർദേശം വന്നപ്പോൾ കോടതിയിൽ പോയില്ലെന്നും എംഎല്‍എ ചോദിച്ചു. മിനുട്‌സ് നേരത്തെ തയ്യാറാക്കിയതാണ്. അവിടെ നടന്ന കാര്യങ്ങൾ പ്രതിഫലിക്കുന്നതല്ല മിനുട്‌സ്. വിസിമാരില്ലെങ്കിലും സർവകലാശാലകൾ മികച്ച നിലവാരമാണ് പുലർത്തുന്നത് എന്നതാണ് മന്ത്രിയുടെ ബാലിശമായ വാദം. രാഷ്ട്രീയ അജണ്ടയ്ക്ക് സർവകലാശാലകളെ ബലിയാടാക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മുഖാമുഖം: വനാതിർത്തികളിലെയും തീരദേശത്തേയും ജനത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെയും സമയം കണ്ടെത്തിയിട്ടില്ല. വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്ന മുഖ്യമന്ത്രി ഇവരെ ഒഴിവാക്കിയത് ഈ വിഭാഗത്തോടുള്ള അവഗണനയാണെന്ന് എം വിൻസെന്‍റ് എംഎല്‍എ കുറ്റപ്പെടുത്തി.