തിരുവനന്തപുരം: കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തൊഴിലാളികൾ സമരം ചെയ്‌ത് നേടിയെടുത്ത അവകാശങ്ങൾ മുതലാളിമാർക്ക് അടിയറ വെയ്ക്കുന്ന നടപടികളാണ് സ്വീകരിയ്ക്കുന്നതെന്ന വിമർശനവുമായി കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം എം ഹസൻ. ചുമട്ടു തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആശാൻ സ്ക്വയറിൽ നിന്നും ആരംഭിച്ച മെയ് ദിന റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും തൊഴിലാളികൾക്കും ജനങ്ങൾക്കും ദുരിതം മാത്രം സംഭാവന ചെയ്‌ത സർക്കാരുകളാണെന്നും കുറ്റപ്പെടുത്തി.
തൊളിലാളികളുടെ ഒപ്പം നിൽക്കേണ്ട കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന് ഇക്കാലത്ത് മെയ് ദിനം ആചരിക്കാൻ അവകാശമില്ലെന്നും എം എം ഹസൻ പറഞ്ഞു. വർക്കല കഹാർ, വി എസ് അജിത് കുമാർ, ചെറുവയ്ക്കൽ പത്മകുമാർ, ചാല നാസർ, സിബിക്കുട്ടി, കടകംപള്ളി ഹരിദാസ്, ചാരാച്ചിറ രാജീവ്, ചീരാണിക്കര ബാബു, ഷാജി വെഞ്ഞാറമൂട്, കന്യാകുളങ്ങര ഹാഷിം, മണനാക്ക് ഷിഹാബുദീൻ, ചാല സുലൈമാൻ, എസ് ശ്രീരംഗൻ, ശാസ്‌തവട്ടം രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മെയ് ദിന റാലി സംഘടിപ്പിച്ചത്.
മുൻ ഡിസിസി പ്രസിഡന്‍റ് കെ മോഹൻ കുമാർ മെയ് ദിന സന്ദേശവും നൽകി. ലോക തൊഴിലാളി ദിനമായ ഇന്ന് തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മെയ് ദിന റാലികൾ നടന്നു. സിഐടിയു, എഐടിയുസി , ഐഎൻടിയുസി സംഘടനങ്ങളുടെ നേതൃത്വത്തിലായിരുന്നു മെയ് ദിന റാലികൾ സംഘടിപ്പിച്ചത്. ഓട്ടോ തൊഴിലാളികളും ആംബുലൻസ് തൊഴിലാളികളും അടക്കം നിരവധി പേർ റാലികളിൽ പങ്കാളികളായി. സിഐടിയു നടത്തിയ റാലിയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.