തിരുവനന്തപുരം: മാലിന്യം ശൂന്യാകാശത്ത് നിന്ന് വന്നതല്ലെന്നും എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും തദ്ദേശ മന്ത്രി എം ബി രാജേഷ്. ആമയിഴഞ്ചാൻ തോടിൽ ദുരന്തമുണ്ടായാൽ എല്ലാവർക്കും കുറ്റബോധമുണ്ടാകണം. കോടതിയിൽ റെയിൽവേ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ജോയിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവെ ഭൂമിയിൽ മറ്റാർക്കും ഒന്നും ചെയ്യാനാകില്ല. റെയിൽവെ ആക്‌ട് അങ്ങനെയാണ്. വൻകിട മാലിന്യ ഉത്പാദകരുടെ കൂട്ടത്തിലാണ് റെയിൽവെ എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കൊച്ചുവേളിയിലും സമാനമായ സാഹചര്യമാണ്. മാലിന്യം നീക്കാൻ ആവശ്യപ്പെട്ടിട്ടും ഇന്നും നീക്കിയിട്ടില്ല.
അടുത്ത നടപടി സ്വീകരിക്കാൻ നഗരസഭയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്. യോജിച്ച് പ്രവർത്തിക്കണം, അതിന് റെയിൽവെയുടെ സഹകരണം ആവശ്യമാണ്. മാലിന്യ പ്രശ്‌നം പരിഹരിക്കാൻ തിരുവനന്തപുരം നഗരത്തിൽ പ്രത്യേക ഇടപെടൽ സർക്കാർ നടത്തമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മാലിന്യം വരുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ആറ് മാസത്തിനകം വ്യത്യാസമുണ്ടാകും. ആമയിഴഞ്ചാൻ തോട് പൂർണമായി മാലിന്യമുക്തമാക്കണം.ജോയിക്ക് നഷ്‌ടപരിഹാരം നൽകുന്ന കാര്യത്തിൽ കളക്‌ടർ റിപ്പോർട്ട് കൈമാറിയെന്നും മന്ത്രിസഭ യോഗം ചേർന്ന് ഇതിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി എം ബി രാജേഷ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.