തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല. പകരം രാജ്യസഭ സീറ്റ് നല്‍കുമെന്നും വി.ഡി. സതീശന്‍ (Loksabha Election 2024) അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റിന് അർഹതയുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മൂന്നാം സീറ്റ് നൽകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. ഉടൻ ഒഴിവ് വരുന്ന യുഡിഎഫിന് അർഹമായ ഒരു രാജ്യസഭ സീറ്റ് ലീഗിന് നൽകും. അതിനുശേഷം വരുന്ന രാജ്യസഭ സീറ്റ് കോൺഗ്രസ് എടുക്കും. റൊട്ടേഷന്‍ ഫോര്‍മുലയാണ് നടപ്പാക്കുന്നത്. രാജ്യസഭ സീറ്റ് എന്ന ഫോര്‍മുല മുസ്ലിം ലീഗ് സമ്മതിച്ചിട്ടുണ്ട്. വിഷയത്തില്‍ ലീഗുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ജൂലൈയിൽ ഒഴിവുവരുന്ന സീറ്റ് ലീഗിന് നൽകും. രാജ്യസഭയിൽ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണ. 16 സീറ്റില്‍ കോണ്‍ഗ്രസും, രണ്ട് സീറ്റില്‍ മുസ്ലിം ലീഗും, ആര്‍എസ്‌പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റില്‍ വീതവും ജനവിധി തേടും - വി.ഡി. സതീശൻ വ്യക്തമാക്കി (Seat division in UDF has been completed).
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാന്നിയിലുമാണ് ലീഗ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാത്ത സാഹചര്യത്തിൽ അതിവേഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങേണ്ട അത്യാവശ്യം ഇല്ല. കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച റിപ്പോർട്ട് കെപിസിസി പ്രസിഡന്‍റ് തയാറാക്കി ഹൈക്കമാൻഡിന് സമർപ്പിക്കും.
കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ചേർന്നാണ് സ്ഥാനാർഥികളെ നിശ്ചയിക്കുക. ഇത് പാർട്ടിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥിരം പ്രക്രിയയാണ്. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള കാര്യങ്ങൾ മാധ്യമങ്ങളുമായി ചർച്ച ചെയ്തല്ല തീരുമാനിക്കേണ്ടത് (Loksabha Election 2024).
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്‍റ് മത്സരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടതും ഹൈക്കമാൻഡാണ്. രാഹുൽഗാന്ധി വയനാട് മത്സരിക്കണമെന്നത് കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പൊതുവികാരമാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെ സുധാകരനെ മത്സരിപ്പിക്കുന്നത് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റാനാണെന്ന മാധ്യമ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സംയുക്ത വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് സംബന്ധിച്ച ഹൈക്കോടതി വിധിയോടെ സിപിഎം കൊലയാളി പാർട്ടിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ആരോപിച്ചു. 51 വെട്ടിനേക്കാൾ കടുത്ത ശിക്ഷയാണത്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഇതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഈ കൃത്യത്തിന് ഗൂഢാലോചന നടത്തിയവർ ഇപ്പോഴും പുറത്താണ്. അവരെ ഇരുമ്പഴിക്കുള്ളിലാക്കാൻ കെ.കെ. രമയ്ക്ക് എല്ലാ സഹായവും കോൺഗ്രസ് നേതൃത്വം നൽകും.
സിപിഎമ്മിന്‍റെ അക്രമ രാഷ്‌ട്രീയം ഈ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി യുഡിഎഫ് ഉയർത്തിക്കൊണ്ടുവരുമെന്നും കെ. സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ കണ്ണൂർ മോഡൽ ആക്രമണത്തിന്‍റെ ട്രയൽ റൺ ആയിരുന്നു നവ കേരള സദസിന്‍റെ രക്ഷാപ്രവർത്തനം. പിണറായി വിജയന്‍റെ വാട്ടർലൂ ആയിരിക്കും ഈ തെരഞ്ഞെടുപ്പ്. കോൺഗ്രസും യുഡിഎഫും ഈ തെരഞ്ഞെടുപ്പിൽ പൂർണ ആത്മവിശ്വാസത്തിലാണെന്നും കെ. സുധാകരൻ കൂട്ടിച്ചേര്‍ത്തു.