തിരുവനന്തപുരം: കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന കെ കരുണാകരനെയും പി കെ വാസുദേവന്‍ നായരെയും ഇരു കൈകളും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിനുള്ളത് (Thiruvananthapuram lok sabha constituency). എക്കാലത്തേയും മികച്ച നയതന്ത്ര വിദഗ്‌ധനും ഇന്ത്യ കണ്ട കരുത്തനായ പ്രതിരോധമന്ത്രിയുമായ വി കെ കൃഷ്‌ണമേനോന്‍ എന്ന അതികായനെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയില്‍ വാരി പുണര്‍ന്ന തിരുവനന്തപുരം മണ്ഡലം. ഡി ദാമോദരന്‍ പോറ്റി എന്ന കരുത്തനെ മലര്‍ത്തിയടിച്ചായിരുന്നു തിരുവനന്തപുരത്തെ കൃഷ്‌ണമേനോന്‍റെ അട്ടിമറി ജയം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും തലപ്പൊക്കമുള്ള നേതാവായ എം എന്‍ ഗോവിന്ദന്‍ നായരെ വിജയിപ്പിക്കുകയും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയും ചെയ്‌ത പാരമ്പര്യവുമുണ്ട് തിരുവനന്തപുരത്തിന്. വമ്പന്മാര്‍ക്ക് കാലിടറിയ ഈ മണ്ഡലത്തില്‍ താരതമ്യേന അപ്രശസ്‌തനായി വന്ന എ ചാള്‍സിനും ഇടം കിട്ടി. തുടര്‍ച്ചയായി മൂന്ന് ജയം നേടി ഹാട്രിക് തികച്ച ചാള്‍സിന് പക്ഷേ നാലാമങ്കത്തില്‍ കാലിടറി.
മലയാളത്തിന്‍റെ വിശ്വ പൗരനായ ശശി തരൂരിനും ഹാട്രിക് നല്‍കിയ ഈ മണ്ഡലത്തില്‍ മഹാത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നാലാമൂഴം തേടി കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നത് ശശി തരൂരല്ലാതെ മറ്റാരുമാകാനിടയില്ല.
മണ്ഡലത്തിന്‍റെ ചരിത്രം: ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പായിരുന്നു 1952 ലെ ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ്. അന്ന് തിരു-കൊച്ചിയുടെ ഭാഗമായിരുന്നു തിരുവനന്തപുരം ലോക്‌സഭ മണ്ഡലം. കന്നിയങ്കത്തില്‍ത്തന്നെ വമ്പനൊരു അട്ടിമറിയാണ് തിരുവനന്തപുരത്ത് കണ്ടത്. സ്വതന്ത്രയായി രംഗത്തെത്തിയത് തിരുവിതാംകൂറിന്‍റെ ഝാന്‍സി റാണിയെന്നറിയപ്പെട്ട ആനി മസ്‌ക്രീന്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മസ്‌ക്രീന്‍ തിരുവിതാംകൂറിന്‍റെ പ്രഥമ പ്രധാനമന്ത്രിയും പിഎസ്‌പി നേതാവുമായിരുന്നു പറവൂര്‍ ടി കെ നാരയണ പിള്ളയെയും കോണ്‍ഗ്രസിന്‍റെ ബാലകൃഷ്‌ണന്‍ തമ്പിയെയും അട്ടിമറിച്ച് ലോക്‌സഭയിലെത്തി.
അങ്ങനെ കന്നി ലോക്‌സഭയില്‍ കേരളത്തില്‍ നിന്നെത്തിയ ആദ്യ വനിത ലോക്‌സഭാംഗമായി ആനി മസ്ക്രീന്‍. മാത്രവുമല്ല, ഒന്നാം ലോകസഭയിലെത്തിയ 10 വനിതകളില്‍ ഒരാളെന്ന നിലയിലും മസ്‌ക്രീന്‍ ചരിത്രത്തിലിടം നേടി. ഐക്യ കേരള പിറവിക്കു തൊട്ടു പിന്നാലെ നടന്ന 1957 ലെ രണ്ടാം മത്സരത്തില്‍ മസ്‌ക്രീനെ തിരുവനന്തപുരം കൈവിട്ടു. ദയനീയ തോല്‍വിയായിരുന്നു ആനി മസ്ക്രീനിനെ കാത്തിരുന്നത്. വീണ്ടും സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ മസ്‌ക്രീനെ മറ്റൊരു സ്വതന്ത്രനായ ഈശ്വര അയ്യര്‍ അട്ടിമറിച്ചു. വെറും 18,741 വോട്ടുമാത്രം നേടി നാലാം സ്ഥാനത്തെത്താനേ മസ്‌ക്രീനു കഴിഞ്ഞുള്ളൂ.
1962 ലെ മൂന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് തിരുകൊച്ചിയുടെ ധനകാര്യ മന്ത്രിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ പ്രഥമ സെക്രട്ടറിയുമായിരുന്ന പി എസ് നടരാജപിള്ളയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച നടരാജപിള്ള 10,458 വോട്ടുകള്‍ക്ക് പിഎസ്‌പി സ്ഥാനാര്‍ഥി കൃഷ്‌ണപിള്ളയെ തോല്‍പ്പിച്ച് ഡല്‍ഹിക്ക് വണ്ടി കയറി.
1967ൽ ഇടതു പക്ഷത്തിന്‍റെ കൂടി പിന്തുണയുള്ള സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പി വിശ്വംഭരനായിരുന്നു വിജയം. കോണ്‍ഗ്രസിന്‍റെ ജി സി പിള്ളയെ അദ്ദേഹം അട്ടിമറിച്ചു.
വർഷം | വിജയി | പാർട്ടി |
1952 | ആനി മസ്‌ക്രീന്‍ | സ്വതന്ത്ര സ്ഥാനാര്‍ഥി |
1957 | ഈശ്വര അയ്യര്‍ | സ്വതന്ത്ര സ്ഥാനാര്‍ഥി |
1962 | പി എസ് നടരാജപിള്ള | സ്വതന്ത്ര സ്ഥാനാര്‍ഥി |
1967 | പി വിശ്വംഭരൻ | സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി |
1971 | വി കെ കൃഷ്‌ണമേനോന്‍ | സ്വതന്ത്ര സ്ഥാനാര്‍ഥി |
1977 | എം എന്‍ ഗോവിന്ദന്‍ നായര്‍ | സിപിഐ |
1980 | എ നീലലോഹിതദാസന്‍ നാടാര്‍ | കോണ്‍ഗ്രസ് |
1984 | എ ചാള്‍സ് | കോണ്‍ഗ്രസ് |
1989 | ||
1991 | ||
1996 | കെ വി സുരേന്ദ്രനനാഥ് | സിപിഐ |
1998 | കെ കരുണാകരന്‍ | കോൺഗ്രസ് |
1999 | വി എസ് ശിവകുമാര്‍ | കോൺഗ്രസ് |
2004 | പി കെ വാസുദേവൻ നായർ | സിപിഐ |
2005 | പന്ന്യൻ രവീന്ദ്രൻ | സിപിഐ |
2009 | ശശി തരൂര്‍ | കോൺഗ്രസ് |
2014 | ||
2019 |
വി കെ കൃഷ്‌ണമേനോന്‍ തിരുവനന്തപുരത്തേക്ക്: 1962 ലെ ചൈനീസ് ആക്രമണവും തുടര്‍ന്ന് രാജ്യം നേരിട്ട തിരിച്ചടികളും പ്രതിരോധ മന്ത്രി വി കെ കൃഷ്‌ണമേനോന്‍ എന്ന കരുത്തന്‍റെ ഇമേജ് തകര്‍ത്തു. 1967ല്‍ അദ്ദേഹം തന്‍റെ മുംബൈയിലെ സിറ്റിങ് സീറ്റില്‍ നിന്ന് മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും ശിവസേന പോലുള്ള പുത്തന്‍ ശക്തികളുയര്‍ത്തുന്ന മണ്ണിന്‍റെ മക്കള്‍ വാദം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വം മേനോന് ടിക്കറ്റ് നിഷേധിച്ചു.
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പുറത്തുകടന്ന അദ്ദേഹം സിറ്റിങ് സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ എസ് ജി ബ്രാവെയോട് പരാജയപ്പെട്ടു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ഭാഗ്യം പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.
1971 ലെ ആറാം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം സംസ്ഥാനമായ കേരളത്തിലേക്ക് മടങ്ങിയെത്തിയ മേനോന്‍ തിരുവനന്തപുരത്ത് സിപിഎം പിന്തുണയ്ക്കുന്ന സ്വതന്ത്രനായി ഭാഗ്യ പരീക്ഷണത്തിനിറങ്ങി. 24,127 വോട്ടുകള്‍ക്ക് അദ്ദേഹം പിഎസ്‌പിയിലെ ഡി ദാമോദരന്‍ പോറ്റിയെ അട്ടിമറിച്ചു.
1977 ല്‍ കോണ്‍ഗ്രസ്-സിപിഐ സഖ്യ സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഐ നേതാവ് എം എന്‍ ഗോവിന്ദന്‍ നായര്‍ 69,822 വോട്ടുകള്‍ക്ക് സിറ്റിംഗ് എംപി പി വിശ്വംഭരനെ മലര്‍ത്തിയടിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലുടനീളം കോണ്‍ഗ്രസിന് തിരിച്ചടിയേറ്റപ്പോഴാണ് കോണ്‍ഗ്രസ്-സിപിഐ സഖ്യ സ്ഥാനാര്‍ഥിയുടെ ഗംഭീര വിജയമെന്നോര്‍ക്കണം.
1980ലെത്തിയപ്പോള്‍ പക്ഷേ കളിമാറി. സിപിഐ കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് സിപിഎമ്മിനൊപ്പം ഇടതു മുന്നണി രൂപീകരിച്ച് കളം മാറ്റിച്ചവിട്ടി. കേരളത്തില്‍ സിപിഐയുടെ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായര്‍ കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച്, മുഖ്യമന്ത്രി പദവും വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. സിറ്റിങ് എംപിയായിരുന്ന എം എന്‍ ഗോവിന്ദന്‍നായര്‍ ഇതോടെ കോണ്‍ഗ്രസിന്‍റെ എതിര്‍ ചേരിയിലായി. കോണ്‍ഗ്രസിന് വേണ്ടി യുവ നേതാവ് എ നീലലോഹിതദാസന്‍ നാടാര്‍ മത്സരത്തിനിറങ്ങി.
വാശിയേറിയ പോരാട്ടത്തില്‍ സിപിഐയുടെ എക്കാലത്തെയും കരുത്തനായ എം എന്‍ ഗോവിന്ദന്‍നായരെ നീലലോഹിതദാസന്‍ നാടാര്‍ അട്ടിമറിച്ചു. 1,07,057 വോട്ടെന്ന വന്‍ ഭൂരിപക്ഷം. ഇതിനിടെ കോണ്‍ഗ്രസ് വിട്ട് ലോക്‌ദളിലെത്തി അതിലൂടെ ഇടതു മുന്നണിയിലെത്തിയ നീലലോഹിതദാസന്‍ നാടാരാണ് 1984ല്‍ മത്സരത്തിനിറങ്ങുന്നത്. ഇന്ദിരാഗാന്ധിയുടെ സഹതാപതരംഗം ആഞ്ഞു വീശിയ ആ തെരഞ്ഞെടുപ്പില്‍ താരതമ്യേന പുതുമുഖവും അപ്രശസ്‌തനുമായ എ ചാള്‍സിലൂടെയാണ് കോണ്‍ഗ്രസ് നീലലോഹിതദാസന്‍ നാടാരോട് പകരം വീട്ടിയത്.
1984 ലെ ഹിന്ദു മുന്നണി പരീക്ഷണം : 1984ല്‍ ഇന്ത്യയാകെ ഇന്ദിരാഗാന്ധി തരംഗം ആഞ്ഞു വീശിയെന്നത് വസ്‌തുതയാണെങ്കിലും തിരുവനന്തപുരത്തെ സംഘപരിവാര്‍ പരീക്ഷണ ഭൂമിയാക്കുന്നത് അതേ തെരഞ്ഞെടുപ്പിലാണ്. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തെങ്കിലും ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങിയ കേരള വര്‍മ്മരാജ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 1,10,449 വോട്ട് നേടി. കന്നി മത്സരത്തില്‍ തന്നെ ഒരു ലക്ഷത്തിലധികം വോട്ട്. ആകെ പോള്‍ ചെയ്‌തതിന്‍റെ 19.6 ശതമാനം വോട്ട് വിഹിതം.
1989ലാണ് തിരുവനന്തപുരത്ത് ശ്രദ്ധേയമായ മറ്റൊരു മത്സരം നടക്കുന്നത്. കവിയും ഗാന രചയിതാവും കേരളത്തിന്‍റെ വിപ്ലവ കവിയുമായ ഒഎന്‍വി കുറുപ്പ് ഇടതു സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങി. എല്ലാവരും ഒഎന്‍വിക്ക് വിജയം ഉറപ്പിച്ച ആ തെരഞ്ഞെടുപ്പില്‍ ഫലം വന്നപ്പോള്‍ ഏവരെയും ഞെട്ടിച്ച് ഒന്‍വി ഔട്ട്. സിറ്റിങ് എംപി എ ചാള്‍സിന് വീണ്ടും ജയം.
ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച പി അശോക് കുമാറിന് പക്ഷേ 1984ലെ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയം ആവര്‍ത്തിക്കാനായില്ല. വെറും 56,046 വോട്ടു കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
1991 രാജീവ്ഗാന്ധിയുടെ വധം: രാജീവ് ഗാന്ധിയുടെ കൊലപാതകം ഉയര്‍ത്തിയ സഹതാപ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 1991ലെ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ഇ ജെ വിജയമ്മയെ തോല്‍പ്പിച്ച് സിറ്റിങ് എംപി ചാള്‍സ് തിരുവനന്തപുരം മണ്ഡലത്തില്‍ ഹാട്രിക് കുറിച്ച് റെക്കോഡിട്ടു. തിരുവനന്തപുരം മണ്ഡലത്തില്‍ ആദ്യമായി തുടര്‍ച്ചയായി മൂന്ന് ജയം നേടുന്ന വ്യക്തിയെന്ന ബഹുമതിക്ക് ചാള്‍സ് അര്‍ഹനായി. ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയ ഒ രാജഗോപാല്‍ 80,566 വോട്ടു നേടി നിലമെച്ചപ്പെടുത്തിയെങ്കിലും 1984 ലെ കേരള വർമരാജയുടെ റെക്കോഡിലെത്തിയില്ല.
1996ലെ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ എക്കാലത്തെയും ആദര്‍ശ ധീരന്‍ കെ വി സുരേന്ദ്രനാഥിനോട് സിറ്റിങ് എംപി എ ചാള്‍സ് അടിയറവ് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി രാമന്‍പിള്ളയ്‌ക്ക് 74,904 വോട്ടു കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങി 1996ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും പരാജയം ഏറ്റുവാങ്ങി രാഷ്ട്രീയ ജീവിതത്തിലെ ഗ്രഹണത്തിലായിരുന്ന കെ കരുണാകരന്‍റെ മൃതസഞ്ജീവനിയാകുന്നത് 1998ലെ ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു.
സിറ്റിങ് എംപി കെ വി സുരേന്ദ്രനാഥിനെ അട്ടിമറിച്ച് കരുണാകരന്‍ ലോക്‌സഭയിലെത്തി. അത്തവണ കേരള വർമരാജ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും 94,303 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 1999ല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ പുതുമുഖം വി എസ് ശിവകുമാര്‍ സിപിഐയുടെ കരുത്തന്‍ കണിയാപുരം രാമചന്ദ്രനെ അട്ടിമറിച്ചു. മണ്ഡല ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും മറികടന്ന് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ 1,58,221 വോട്ട് നേടി.
2004ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ഒരു മുന്‍ കേരള മുഖ്യമന്ത്രിക്ക് തിരുവനന്തപുരം കൈ കൊടുത്തു. പി കെ വാസുദേവന്‍ നായര്‍ 54,603 വോട്ടിന് സിറ്റിങ് എംപി കോണ്‍ഗ്രസിലെ വി എസ് ശിവകുമാറിനെ തോല്‍പ്പിച്ചു. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഒ രാജഗോപാല്‍ 2,28,052 വോട്ട് നേടി.
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 3402 മാത്രമായി ഈ തെരഞ്ഞെടുപ്പില്‍ ചുരുങ്ങി. കേരളത്തില്‍ 18 സീറ്റും എല്‍ഡിഎഫ് തൂത്തുവാരിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 2005ല്‍ പികെവിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഒരിക്കല്‍ കൂടി ശിവകുമാറിനെ തോല്‍പ്പിച്ച് മണ്ഡലം നിലനിര്‍ത്തി.
തരൂരിന്‍റെ തേരോട്ടം
2009ലാണ് സാക്ഷാല്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് എത്തുന്നത്. പലരും തരൂരിന്‍റെ തോല്‍വി പ്രവചിച്ച തെരഞ്ഞെടുപ്പ്. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്. പക്ഷേ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് 1,00,025 വോട്ടുകള്‍ക്ക് സിപിഐയിലെ പി രാമചന്ദ്രന്‍നായരെ ശശി തരൂര്‍ തോല്‍പ്പിച്ച് അദ്ദേഹം തിരുവനന്തപുരത്തിന്‍റെ പ്രതിനിധിയായി.
ബിജെപി സ്ഥാനാര്‍ഥി പി കെ കൃഷ്‌ണദാസിന് വെറും 86,233 വോട്ട് മാത്രമേ നേടാനായുള്ളൂ. 2014ലും 2019ലും വിജയം ആവര്‍ത്തിച്ച തരൂര്‍ നാലാമങ്കത്തിന് തയ്യാറെടുക്കുകയാണ്. 2014ലും 2019ലും ബിജെപി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചാണ് തരൂര്‍ വിജയിച്ചത്.
2014ല്‍ ബിജെപി സ്ഥാനാര്‍ഥി രാജഗോപാല്‍ 2,82,336 വോട്ട് നേടി. തരൂര്‍ രാജഗോപാലിനെ പരാജയപ്പെടുത്തിയത് കേവലം 15470 വോട്ടുകള്‍ക്ക്. 2019ല്‍ ശശി തരൂരും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും തമ്മിലായിരുന്നു പ്രധാന മത്സരം. സിപിഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ മൂന്നാം സ്ഥാനത്തായിപ്പോയി. 2024ല്‍ ശശി തരൂര്‍ നാലാം അങ്കത്തിനിറങ്ങുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇടതു മുന്നണിയില്‍ സിപിഐയുടെ മണ്ഡലമായ തിരുവനന്തപുരത്ത് അവര്‍ ആരെ രംഗത്തിറക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
പക്ഷേ, കേരളത്തിന്‍റെ തലസ്ഥാനം പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബിജെപി തിരുവനന്തപുരത്തിനായി കരുതി വച്ചിരിക്കുന്ന സസ്പെന്‍സ് എന്തെന്ന് ഉറ്റു നോക്കുകയാണ് വോട്ടര്‍മാര്‍. തരൂര്‍ തുടര്‍ച്ചയായി നാലാം വിജയം നേടിയാല്‍ അത് തിരുവനന്തപുരം മണ്ഡലത്തിന്‍റെ സര്‍വ്വകാല റെക്കോഡ് ആയിരിക്കും.