ഇടുക്കി : ഇടതുപക്ഷത്തിന് സംസ്ഥാനത്താകെ ഉണ്ടായ കനത്ത തിരിച്ചടി കർഷകരുടെ കൂടി പ്രതികരണമെന്ന് സ്വതന്ത്ര കർഷക സംഘടന പ്രതിനിധികള്‍. സംസ്ഥാനത്ത് ഇടതുപക്ഷത്തിനുണ്ടായ തെരഞ്ഞെടുപ്പ് പരാജയം ഇടതു സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരത്തിന് ഒപ്പം കാർഷിക മേഖലയുമായി ബന്ധപ്പെട്ട വനം റവന്യൂ വകുപ്പുകൾക്ക് എതിരെയുള്ള കർഷകരുടെ പ്രതികരണം കൂടിയാണെന്നും സ്വതന്ത്ര കർഷക സംഘടന പ്രതിനിധിയായ റസാക്ക് ചൂരവേലില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐക്ക് എതിരെ രൂക്ഷ വിമർശനമാണ് കർഷക സംഘടനകൾ ഉന്നയിച്ചത്. സിപിഐ സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ കർഷക ഉച്ചകോടികൾ സംഘടിപ്പിച്ച് സിപിഐയെ ബഹിഷ്‌കരിക്കാൻ അടക്കം ഇവർ ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദ ചർച്ചയാവുകയും ചെയ്‌തു.
2019 ൽ ഇടതുപക്ഷത്തിന് ലഭിച്ച വോട്ടിനേക്കാൾ 70,000 ത്തോളം വോട്ടിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്. കാർഷിക മേഖലയിൽ നിർമാണ നിരോധനം അടക്കം കൊണ്ടുവന്നതിൻ്റെ പ്രതിഫലനമാണ് ഇതെന്നും കര്‍ഷക പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിപിഐ എടുക്കുന്ന നിലപാടുകൾ കർഷക വിരുദ്ധമാണെന്നും അത് തിരുത്താൻ എൽഡിഎഫ് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരുത്തലുകൾക്ക് സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ കനത്ത തിരിച്ചടി വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ നേരിടേണ്ടി വരുമെന്നും കർഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
നിലപാടിൽ മാറ്റമില്ലാതെ തങ്ങൾ മുമ്പോട്ടു പോകുമെന്നും സെപ്റ്റംബറിൽ സംസ്ഥാനതലത്തിൽ വലിയ കർഷക ഉച്ചകോടി സംഘടിപ്പിക്കുമെന്നും കർഷക സംഘടന പ്രതിനിധികൾ വ്യക്തമാക്കി.