എറണാകുളം: കൊച്ചിയിലെ ജൂത പാരമ്പര്യത്തിൻ്റെ സ്‌മരണകൾ ബാക്കിയാക്കി ക്വീനി ഹലേഗ്വ വിടവാങ്ങി. ഇന്നലെ (11-08-2024) അന്തരിച്ച 89 കാരിയായ ക്വീനി കൊച്ചിയിലെ അവസാനത്തെ പരദേശി ജൂത സ്ത്രീ കൂടിയാണ്. കൂടെയുള്ളവരെല്ലാം ഇസ്രയേലിലേക്ക് മടങ്ങിയപ്പോഴും കൊച്ചിയെ സ്നേഹിച്ച അവർ ഇവിടെ തുടരുകയായിരുന്നു.
തൻ്റെ ഭർത്താവിൻ്റെ കല്ലറയ്ക്ക് സമീപം അന്തിയുറങ്ങണമെന്നായിരുന്നു അവരുടെ ആഗ്രഹം. ഈ സ്വപ്‌നം സാക്ഷാത്കരിച്ചാണ് ക്വീനി ചരിത്രത്തിൻ്റെ ഭാഗമായത്. മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ മതാചാര പ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കിയാണ് ക്വീനിയുടെ സംസ്‌കാരം നടത്തിയത്.
കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണം, ബോട്ട് സർവീസ് എന്നിവ ആരംഭിച്ച പ്രശസ്‌തനായ ജൂതൻ എസ് കോഡറിന്‍റെ (സാറ്റു കോഡർ) മകളാണ് ക്വീനി. ഭർത്താവ് സാമുവൽ ഹലേഗ്വ നേരത്തെ മരിച്ചിരുന്നു. ഒരുനൂറ്റാണ്ട് മുമ്പ് കൊച്ചിയിലെത്തിയ ക്വീനിയുടെ കുടുംബം ഏറ്റവും സമ്പന്നമായ കുടുംബമായിരുന്നു.
സാറ്റു കോഡറിന്‍റെയും ഗ്ളാഡിസിന്‍റെയും മകളായാണ് 1935-ല്‍ ക്വീനി ജനിച്ചത്. കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു സാട്ടു കോഡർ. കൊച്ചിയിലെ സീലോർഡ് ഹോട്ടൽ ഉൾപ്പടെ നിരവധി ബിസിനസ് സംരംഭങ്ങളും ക്വീനിയുടെ കുടുംബത്തിൻ്റേതായിരുന്നു. ചേർത്തലയിലെ ജൂത കുടുംബമായ ഹലേഗ്വ കുടുംബത്തിലെ സാമുവൽ ഹലേഗ്വയെ വിവാഹം കഴിച്ചതോടെയാണ് ക്വീനി ഹലേഗ്വയായി മാറിയത്.
ഏറെക്കാലം ചേർത്തലയിൽ ഭർത്താവിനൊപ്പമായിരുന്നു താമസം. പിന്നീട് അവർ കൊച്ചിയിൽ തിരിച്ചെത്തുകയും മരണം വരെ മട്ടാഞ്ചേരിയിൽ തുടരുകയും ചെയ്‌തു. കൊച്ചിയിൽ കുടിയേറിയ ജൂത കുടുംബത്തിലെ ഒരാൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കൊച്ചിയിലെ ജൂത സിനഗോഗിൽ ജൂത മത വിശ്വാസികളില്ലാത്തതിനാൽ പ്രാർത്ഥന ചടങ്ങുകൾ വർഷങ്ങളായി നടക്കുന്നില്ല. ശനിയാഴ്‌ചയിലെ സബാത്ത് പ്രാർത്ഥനയ്ക്ക് ചുരുങ്ങിയത് ആറ് പേരെങ്കിലും പള്ളിയിൽ ഒത്ത് ചേരണമെന്നാണ് ജൂത വിശ്വാസം.
Also Read : ജൂതന്മാരുടെ കുടിയേറ്റ കഥ പറഞ്ഞ് മാടായിപ്പാറയും ജൂതക്കുളവും…