പത്തനംതിട്ട: കുവൈറ്റിലെ മാംഗഫില്‍ എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച പത്തനംതിട്ട വാഴമുട്ടം സ്വദേശി പി വി മുരളീധരൻ നായരുടെ സംസ്‌കാരം ഇന്നലെ (ജൂൺ 14) വൈകിട്ട് ആറിന് വീട്ടുവളപ്പിൽ നടന്നു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ, അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ല ഭരണകൂടത്തിന് വേണ്ടി ജില്ല കലക്‌ടർ എസ് പ്രേം കൃഷ്‌ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നാട്ടുകാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ 16 വർഷമായി സൂപ്പർവൈസറായി മുരളീധരൻ ഈ കമ്പനിയിൽ ജോലി നോക്കി വരികയായിരുന്നു.
ഇനി നാട്ടിൽ നിൽക്കണം എന്ന ആഗ്രഹത്തോടെ പലവട്ടം പി വി മുരളീധരൻ നായർ നാട്ടിൽ എത്തി. എന്നാൽ, അപ്പോഴെല്ലാം ജോലിയിൽ മിടുക്കനായ മുരളീധരനെ കമ്പനി തിരികെ വിളിക്കുകയായിരുന്നു. കൊവിഡ് കാലത്തും മുരളീധരൻ ജോലി വിട്ട് നാട്ടിൽ വന്നിരുന്നു. കമ്പനി മേധാവി നേരിട്ടു വിളിച്ചതോടെ അന്നും തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു മുരളീധരൻ. ഇനി തിരിച്ച് പോകുന്നില്ല എന്ന് പറഞ്ഞാണ് വീട്ടില്‍ എത്തിയത്. എന്നാല്‍, കുവൈറ്റില്‍ ജോലി ചെയ്‌തിരുന്ന കമ്പനിയില്‍ നിന്ന് ഒരു മാസം തികയും മുൻപ് വീണ്ടും തിരിച്ച് വരാൻ കമ്പനി മുരളീധരനെ വിളിക്കുകയായിരുന്നു. ആറു മാസം കൂടി നിന്നിട്ട് മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്പനി വിളിച്ചത്. എന്ത് വന്നാലും നവംബറില്‍ മടങ്ങിപ്പോരും എന്നു പറഞ്ഞാണ് മുരളീധരൻ ഫെബ്രുവരിയില്‍ വീണ്ടും കുവൈറ്റിലേക്ക് പോയത്.