കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചതിൽ കെഎസ്ഇബി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനം. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി മുഹമ്മദ് റിജാസ് കഴിഞ്ഞ മെയ് 20ന് ഷോക്കേറ്റ് മരിച്ചിരുന്നു.
തിങ്കളാഴ്‌ച പുലർച്ചെ ഒരു മണിയോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ എഡബ്ല്യുഎച്ച് ജങ്‌ഷനു സമീപമാണ് അപകടമുണ്ടായത്. കിണാശ്ശേരിയിൽ നിന്ന് ഹോട്ടലിലെ ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വഴിയിൽവച്ച് ബൈക്കിൻ്റെ ആക്‌സിലറേറ്റർ കേബിൾ പൊട്ടി കേടാവുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകാൻ സഹോദരനെ വിളിച്ചുവരുത്തി. ശക്തമായ മഴയായതിനാൽ കേടായ ബൈക്ക് സമീപത്തെ കട വരാന്തയിലേക്ക് കയറ്റി നിർത്തിയ ശേഷം സഹോദരനെ കാത്തുനിൽക്കുന്നതിനിടയിൽ ഇരുമ്പ് തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്.
മരണം കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിന്‍റെ റിപ്പോർട്ട് വന്നിരുന്നു. ഈ സാഹചര്യത്തിൽ കുടുംബത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ മെയ് 17നു തന്നെ സർവീസ് ലൈനിൽനിന്ന് ഷെഡിലേക്ക് വൈദ്യുതപ്രവാഹമുണ്ടെന്ന് കെഎസ്ഇബി കോവൂർ സെക്ഷൻ ഓഫിസിലേക്ക് ഫോണിലും രേഖാമൂലവും പരാതി നൽകിയിരുന്നു. എന്നിട്ടും വന്ന് നോക്കി എന്നതല്ലാതെ ഉദ്യേഗസ്ഥര്‍ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം കുടുംബത്തിന് മതിയായ നഷ്‌ടപരിഹാരം നൽകണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് റാഫിയുടെ സഹോദരനാണ് മരിച്ച മുഹമ്മദ് റിജാസ്.
ALSO READ: ഗൂഗിൾ മാപ്പ് ചതിച്ചു ; കോട്ടയത്ത് വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണു