കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനമേറ്റ സംഭവത്തില്‍ പ്രതിഷേധവുമായി കെഎസ്‌യു. കൊയിലാണ്ടിയിലെ എസ്‌എന്‍ഡിപി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് പ്രതിഷേധം. അക്രമം അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ചാണ് സംഘം പ്രതിഷേധവുമായെത്തിയത്.
കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളെയും കോളജില്‍ നിന്നും പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോളജിലെ പ്രിന്‍സിപ്പലിനെയും സംഘം ഉപരോധിച്ചു. കെഎസ്‌യു പ്രതിഷേധം ആരംഭിച്ചതോടെ കൊയിലാണ്ടി പൊലീസും ക്യാമ്പസിലെത്തി. പ്രതിഷേധം പിരിച്ച് വിടാന്‍ ശ്രമിച്ച പൊലീസുമായി വിദ്യാര്‍ഥികള്‍ വാക്കേറ്റമുണ്ടായി.
ഇതിനിടെ എസ്‌എഫ്‌ഐയ്‌ക്കതിരെ പരാതി നല്‍കിയ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനും പരാതി നല്‍കി. ഇ-മെയില്‍ വഴിയാണ് പരാതി സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് കേസില്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കി. പ്രിന്‍സിപ്പലിന്‍റെ ഉറപ്പിന്മേല്‍ കെഎസ്‌യു പ്രതിഷേധം അവസാനിപ്പിച്ചു. അതേ സമയം എസ്‌എഫ്‌ഐ കോളജ് യൂണിയന്‍ സെക്രട്ടറി അനുനാഥ് അമലിനെതിരെയും പരാതി നല്‍കി. അമല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ചാണ് പരാതി. സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (മാര്‍ച്ച് 1) കോളജിലെ അമല്‍ എന്ന വിദ്യാര്‍ഥിക്ക് എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റത്. സ്വന്തം സഹപാഠിയാണ് ക്ലാസില്‍ നിന്നും അമലിനെ കൂട്ടികൊണ്ടു പോയത്. നേരെ എസ്‌എഫ്‌ഐക്കാരുടെ അടുത്തേക്കാണ് സഹപാഠി അമലിനെ കൂട്ടികൊണ്ടു പോയത്. തുടര്‍ന്ന് എസ്‌എഫ്‌ഐ സംഘം അമലിനെ മര്‍ദിക്കുകയായിരുന്നു.
ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ അമലിനെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പരിക്കേറ്റതാണെന്ന് പറഞ്ഞാണ് അമലിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയ അമല്‍ മര്‍ദന വിവരം പറഞ്ഞു. ഇതോടെയാണ് കുടുംബം കൊയിലാണ്ടി പൊലീസിന് പരാതി നല്‍കിയത്. എന്നാല്‍ മര്‍ദന വിവരം എസ്‌എഫ്‌ഐ തള്ളി.