തിരുവനന്തപുരം: യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള യാത്ര ഉറപ്പാക്കാനായി പ്രീമിയം സൂപ്പർഫാസ്റ്റ് എസി സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. സർവീസിന് മുന്നോടിയായി ബസുകൾ പരീക്ഷണയോട്ടത്തിനായി എത്തിച്ചു. പരീക്ഷണയോട്ടത്തിനായി എത്തിച്ച ബസുകളുടെ പെർഫോമൻസ് കൃത്യമായി മനസ്സിലാക്കി വേണ്ട മാറ്റങ്ങൾ നടപ്പിലാക്കിയ ശേഷം മാത്രമാവും ഇവ സർവീസിനായി ഉൾപ്പെടുത്തുക.
ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള മാര്‍ക്കോപോളോ ബസുകളാണ് പരീക്ഷണയോട്ടത്തിനായി നിലവിൽ എത്തിച്ചിരിക്കുന്നത്. പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിൽ 40 സീറ്റുകളാണുള്ളത്. പിന്നിലെ നിര ഒഴികെ എല്ലാ സീറ്റുകളും പുഷ്ബാക്ക് ആണ്. എസി പ്രവർത്തനക്ഷമമല്ലെങ്കിൽ സീറ്റിന് വശങ്ങളിലുള്ള ഗ്ലാസുകൾ നീക്കാനുമാകും. യാത്രക്കാർക്ക് സൗകര്യപ്രദമായി ഇരിക്കുന്നതിന് മികച്ച ലെഗ് സ്പേസും ഉണ്ട്.
വൈഫൈ അടക്കമുള്ള സൗകര്യങ്ങളും ബസിൽ ഉണ്ടാകും. സൂപ്പർഫാസ്റ്റിനേക്കാൾ ഉയർന്ന നിരക്കായിരിക്കും സൂപ്പർഫാസ്റ്റ് പ്രീമിയം എസി സർവീസിന് ഈടാക്കുക. ടാറ്റ, ലെയ്‌ലൻഡ് കമ്പനികളിൽ നിന്ന് ആദ്യഘട്ടത്തിൽ 48 ബസുകളാണ് വാങ്ങുക. 36 - 38 ലക്ഷം രൂപയാണ് ഒരു ബസിന്‍റെ വിലയെന്നാണ് വിവരം.
പ്രീമിയം സൂപ്പർഫാസ്റ്റ് എ സി സർവീസുകൾ ആരംഭിക്കുമ്പോൾ നിലവിലെ വോൾവോ ലോഫ്ലോർ എസി ബസുകൾ നഗര സർവീസിനു മാത്രമായി മാറ്റാനാണ് ആലോചന. ഈ സർവീസുകൾ എല്ലാ ഡിപ്പോകളിലും കയറാതെ സ്റ്റോപ്പുകൾ പരിമിതപ്പെടുത്തിയേക്കും. ഇതിന് പുറമെ പത്ത് ബസുകള്‍ വാങ്ങാന്‍ സ്വിഫ്റ്റും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.