തൃശൂർ: ബ്ലേഡുകാരുടെ മർദനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്നതിനിടെ മരിച്ചത്.
ഓഗസ്‌റ്റ് മാസം ഒൻപതാം തീയതിയാണ് സംഭവം. കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാരിൽ നിന്ന് മനോജ് വാങ്ങിയ പണം തിരിച്ച് നൽകുന്നത് വൈകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
ആക്രമണമുണ്ടായ ദിവസം വൈകിട്ട് അവശനിലയിലാണ് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിൽ മനോജ് എത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തിന് കാരണമായേക്കാവുന്ന പരിക്കുകൾ മനോജിൻ്റെ ശരീരത്തിലുണ്ടായിരുന്നെന്ന് ഡോക്‌ടർമാർ പൊലീസിന് മൊഴി നൽകി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.