കോഴിക്കോട് : ഇത്തവണ ഓണത്തിന് വിഭവങ്ങൾ ഒരുക്കാൻ ഒരു മുറം പച്ചക്കറി വേണമെങ്കിൽ പെരുവയൽ പുതിയോട്ടിൽ താഴം പാടത്തേക്ക് വന്നാൽ മതി. ഓണ സദ്യ വിഭവങ്ങൾക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ജൈവ രീതിയിൽ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട് മനക്കൽ പുതിയോട്ടിൽ പ്രകാശന്‍റെ കൃഷിയിടത്തിൽ.
പാവലും, പയറും, വെണ്ടയും, മത്തനും, ഇളവനും, ചുരങ്ങയും, മുതൽ കക്കിരി വരെ വിവിധയിനം പച്ചക്കറികൾ തഴച്ചു വളരുന്നുണ്ട് പ്രകാശന്‍റെ കൃഷിയിടത്തിൽ. ശക്തമായ മഴ അല്‌പം ശല്യം ചെയ്തെങ്കിലും കൃത്യമായ പരിചരണത്തിൽ അതെല്ലാം തരണം ചെയ്യാൻ പ്രകാശന്‍റെ കാർഷിക മികവിനായി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
20 വർഷത്തോളം ബസ് ജീവനക്കാരനായിരുന്ന പ്രകാശൻ ആ ജോലിയെല്ലാം ഉപേക്ഷിച്ചാണ് പാടത്തെ ചേറിലേക്കിറങ്ങിയത്. ഓരോ കാലത്തിനും ആവശ്യത്തിനനുസരിച്ചുള്ള കൃഷിയാണ് പ്രകാശന്‍റെ രീതി. പുതിയോട്ടിൽ താഴം പാടത്തെ പച്ചക്കറിയുടെ ഗുണമേന്മയറിഞ്ഞ് ആവശ്യക്കാർ വയലിൽ നേരിട്ട് എത്തിയാണ് പച്ചക്കറികൾ വാങ്ങുന്നത്.
കൃഷിയിടത്തിൽ എത്തുന്നവർക്ക് ഇഷ്‌ടമുള്ള പച്ചക്കറികൾ നേരിട്ട് പറിച്ചെടുക്കാനുള്ള അവസരവും പ്രകാശന്‍റെ കൃഷിയിടത്തിലുണ്ട്. ഇത്തവണത്തെ ഓണസദ്യ കെങ്കേമമാക്കാൻ മറ്റിടങ്ങളിൽ നിന്നും എത്തുന്ന പച്ചക്കറികൾക്കൊപ്പം പ്രകാശന്‍റെ രണ്ട് ഏക്കർ വയലിൽ വിളയുന്ന പച്ചക്കറികളും ഉണ്ടാകും.