കോഴിക്കോട് : പരാതിയുമായി വരുന്നവരുടെ കേന്ദ്രമായ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർക്കും ഇനി പരാതി പറയാം, മുഖം നോക്കാതെ. മേലുദ്യോഗസ്ഥരുടേയും സഹപ്രവർത്തകരുടേയും തെറ്റുകളും കുറ്റങ്ങളുമെല്ലാം മുഖം നോക്കാതെ പൊലീസുകാർക്ക് ഇനി തുറന്നു പറയാം. കോഴിക്കോട് സിറ്റി പൊലീസാണ് പരാതി അറിയിക്കാൻ പൊലീസുകാർക്ക് 'ഗൂഗിൾ ഫോം' തയ്യാറാക്കിയത്.
പരാതികളും പരിഭവങ്ങളും രേഖാമൂലം എഴുതി നേരിട്ട് സമർപ്പിക്കുന്നതിന്‍റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് 'ഗൂഗിൾ ഫോം' ഒരുക്കിയത്. പൊലീസുകാരുടെ പരാതികൾ കേൾക്കാൻ മേലധികാരികൾ തയാറാവാത്തതും കണക്കിലെടുത്താണ് ഗൂഗിൾ ഫോം വഴി പരാതി അയക്കാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ സൗകര്യമൊരുക്കിയത്.
പരാതി ഫോമിൽ ഡ്യൂട്ടിയിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നാണ് ചോദിക്കുന്നത്. പേര്, തസ്‌തിക, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നീ വിവരങ്ങൾ നൽകണം. പിന്നാലെ എന്ത് സഹായമാണ് ആവശ്യമെന്നതും വ്യക്തമാക്കണം.
ജോലി സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് പോലും ഭയം കാരണം പരാതി അറിയിക്കാൻ സാധിക്കാത്തവർ ഇപ്പോഴുമുണ്ട്. പൊലിസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായും വ്യക്തിപരമായുമുള്ള പരാതികൾ പരിഹാരിക്കാൻ നേരത്തെ സഭ ചേർന്നിരുന്നു. പിന്നീട് അത് നിലച്ചു.
പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ കോഴിക്കോട് സിറ്റി സമ്മേളനത്തിൽ ഉത്തരമേഖലാ ഐ.ജി കെ. സേതുരാമൻ പൊലീസുകാർക്ക് പരാതി പറയാൻ ഇടമില്ലെന്ന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് സഭയ്ക്ക് പകരം ഗൂഗിൾ ഫോമിൽ പരാതി പറയാൻ പൊലീസുകാർക്ക് സൗകര്യമൊരുക്കിയത്.
അതേസമയം പുതിയ സംവിധാനത്തിലൂടെ മറ്റു പൊലീസുദ്യോഗസ്ഥരുടെ തെറ്റുകളും കുറ്റങ്ങളും രേഖാമൂലം കമ്മിഷണർക്ക് മുന്നിൽ എത്തിക്കുന്നതിൽ പൊലീസുകാർക്കിടയിൽ ആശങ്കകളുണ്ട്. സേനയിലെ 'പരാതി'യുടെ പേരിൽ ജനങ്ങളുടെ പരാതി കേൾക്കാൻ സമയമില്ലാത്ത അവസ്ഥ വരുമോ എന്നും ചിലർക്ക് ആശങ്കയുണ്ട്. എന്നാൽ പുതിയ സംവിധാനത്തോട് ഭൂരിഭാഗം പൊലീസുകാർക്കും യോജിപ്പാണ്.