കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് സസ്‌പെൻ്റ് ചെയ്‌ത നാല് എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. രണ്ടാം വർഷ ബിബിഎ വിദ്യാർഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർഥി തേജു ലക്ഷ്‌മി, രണ്ടാം വർഷ ബികോം വിദ്യാർഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർഥി അഭിഷേക് സന്തോഷ് എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്.
അന്വേഷണ കമ്മിഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്. ജൂലൈ ഒന്നിന് കോളജ് പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിലായിരുന്നു വിദ്യാർഥികളെ സസ്പെന്‍റ് ചെയ്‌തത്. പ്രിൻസിപ്പൽ എസ്എഫ്ഐ നേതാവിനെ മർദിച്ചെന്നും പരാതി ഉയർന്നിരുന്നു.
അതിനിടെ ഇരുഭാഗവും നൽകിയ കേസിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് നടപടിയൊന്നും ഉണ്ടായിട്ടില്ല. കോളജിന് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി നിർദേശം പൊലീസ് പാലിക്കുന്നുണ്ട്. പ്രിൻസിപ്പാളിന്‍റെ ഹർജിയിലാണ് കോടതി ഇടപെടൽ.
പ്രിൻസിപ്പാളിന്‍റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവർക്ക് കോളജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോളജിൽ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനും പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
Also Read: ഗുരുദേവ കോളജിലെ സംഘർഷം; പൊലീസ് നിരീക്ഷണം തുടരണമെന്ന് ഹൈക്കോടതി