പി വി അൻവറിന്‍റെ പാര്‍ക്കിന് ലൈസൻസ് നല്‍കി കൂടരഞ്ഞി പഞ്ചായത്ത്; ഫീസ് ഏഴ് ലക്ഷം രൂപ - ലൈസൻസ് നല്‍കി കൂടരഞ്ഞി പഞ്ചായത്ത്
പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് അനുമതി നല്‍കി കൂടരഞ്ഞി പഞ്ചായത്ത്. ഫീസ് ഇനത്തിൽ 7 ലക്ഷം രൂപ ഈടാക്കിയാണ് അനുമതി നല്‍കിയത്.
Published : Feb 8, 2024, 10:10 AM IST
കോഴിക്കോട് : പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് പഞ്ചായത്ത് അനുമതി. കൂടരഞ്ഞി പഞ്ചായത്ത് ആണ് ലൈസൻസ് പുതുക്കി നൽകിയത് (Koodaranji Panchayat Has Given License To P V Anvar's Park). ഫീസ് ഇനത്തിൽ 7 ലക്ഷം രൂപ ഈടാക്കിയാണ് നടപടി. പാർക്കിന്‍റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചിട്ടുണ്ട്.
പാർക്കിന് സർക്കാർ അനുമതി നൽകിയതിന് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ആണ് നടപടി. അതേസമയം പാർക്കിൽ മോട്ടോർ റൈഡുകൾക്ക് അനുമതി നൽകിയിട്ടില്ല എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കുട്ടികളുടെ പാർക്കിന് മാത്രമാണ് അനുമതി നല്‍കിയതെന്നും, 2018 മുതലുള്ള നികുതി കുടിശ്ശിക നൽകിയതായി പഞ്ചായത്ത് പ്രസിഡന്‍റും പറഞ്ഞു.
2023 നവംബർ 9നാണ് പി.വി അൻവർ ലൈസൻസിന് അപേക്ഷ സമർപ്പിച്ചത്. നികുതി കുടിശ്ശിക ഉള്ളതിനാൽ ലൈസൻസ് തടഞ്ഞു വയ്ക്കുകയായിരുന്നു. നിലവിൽ തിരക്കിട്ടല്ല തീരുമാനമെടുത്തതെന്നും പ്രസിഡന്‍റ് ആദർശ് ജോസഫ് പറഞ്ഞു. മാർച്ച് 31ന് നിലവിലെ ലൈസൻസ് കാലാവധി അവസാനിക്കും.
പി വി അൻവറിന്‍റെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ; ലൈസൻസില്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി : പി വി അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് (P V Anwar Kakkadampoyil park) ലൈസൻസ് നൽകിയിട്ടില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയില്‍. ലൈസൻസിനായി അപേക്ഷ ലഭിച്ചിട്ടുണ്ട്. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യമായ അനുബന്ധ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും സർക്കാർ ഔദ്യോഗികമായി കോടതിയെ അറിയിച്ചു.
എന്നാൽ, ലൈസൻസില്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു, മറുപടി അറിയിക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്‌തു.
പാർക്ക് അടച്ച് പൂട്ടണമെന്നാണ് ഹർജിക്കാരനായ ടി വി രാജന്‍റെ ആവശ്യം. കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും സുരക്ഷ പരിശോധന നടത്തിയിട്ടില്ലെന്നുമുള്ള വിവരാവകാശ രേഖ ഹർജിക്കാരൻ നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.
2018 ജൂണ്‍ 18നാണ് കോഴിക്കോട് കലക്‌ടര്‍ ദുരന്തനിവാരണ നിയമ പ്രകാരം പാര്‍ക്ക് അടച്ചു പൂട്ടാന്‍ ഉത്തരവ് നല്‍കിയത്. പാര്‍ക്കിന്‍റെ പ്രവര്‍ത്തനം മലയോര മേഖലകളില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയായിരുന്നു കലക്‌ടറുടെ ഉത്തരവ്. പിന്നീട് പി വി അന്‍വര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റ് 21ന് ദുരന്തനിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി കുട്ടികളുടെ പാര്‍ക്ക് തുറക്കാൻ ഉത്തരവിടുകയായിരുന്നു.
ALSO READ : സ്വവര്‍ഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ഹര്‍ജി ; വിശദീകരണം തേടി ഹൈക്കോടതി