കൊല്ലം: കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബവും കൊല്ലത്ത്. വരും ദിവസങ്ങളിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ഭാര്യ സിന്ധു കൃഷ്‌ണകുമാർ പറഞ്ഞു. സ്ത്രികൾ പണിയെടുക്കുന്ന കശുവണ്ടി ഫാക്‌ടറിയിൽ നിന്നാണ് കൃഷ്‌ണകുമാറിൻ്റെ കുടുംബം പ്രചാരണം ആരംഭിക്കുന്നത്.
കൃഷ്‌ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്‌ണകുമാറും നാല് പെൺമക്കളുമാണ് പ്രചാരണത്തിനായി കൊല്ലത്ത് എത്തിയിരിക്കുന്നത്. സ്വകാര്യ ഹോട്ടലിലാണ് താമസം. പരസ്യ പ്രചാരണം അവസാനിക്കുന്നത് വരെ കുടുംബം കൊല്ലത്ത് പ്രചരണം നടത്തും. കുടുംബത്തോടൊപ്പം എത്തിയാണ് കൃഷ്‌ണകുമാര്‍ മാധ്യമ പ്രവർത്തകരെ കണ്ടത്.
കൊല്ലത്ത് അടിയൊഴുക്ക് ശക്തമാണെന്നും കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നത് യുഡിഎഫിൽ നിന്നാണെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു.
കോൺഗ്രസിന് കൊല്ലത്ത് ഇനി പ്രതീക്ഷയില്ല. പ്രേമചന്ദ്രൻ കുറേ വർഷങ്ങളായി സ്ഥാനമാനങ്ങൾ കയ്യാളുന്നത് കോൺഗ്രസ് നേതാക്കൾക്ക് മടുത്തിരിക്കുകയാണ്. ആർഎസ്‌പിയിലെ യുവ നേതാക്കൾക്കും സ്ഥാനമാനങ്ങൾ ലഭിക്കുന്നില്ല. ആർഎസ്‌പി 'പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ഇവരുടെ വോട്ടുകൾ ബിജെപിയിലേക്ക് വരുമെന്നും കൃഷ്‌ണകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗം കാരണം യുഡിഎഫ് അണികൾ എൽഡിഎഫിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
'കിച്ചു' ജയിക്കുമെന്ന് സിന്ധു കൃഷ്‌ണ
ഇത്തവണ കിച്ചു ജയിക്കുമെന്ന് ഭാര്യ സിന്ധു കൃഷ്‌ണകുമാർ പറഞ്ഞു. കൊല്ലത്തുകാർ ഒരുപാട് സ്നേഹം കൃഷ്‌ണകുമാറിന് നൽകുന്നുണ്ട്.
പുതിയ സ്ഥലം ആയിട്ടും ഇത്രയും സ്നേഹം കിട്ടുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇത്തവണ ആളുകൾ ചിന്തിച്ച് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്ധു കൃഷ്‌ണകുമാർ പറഞ്ഞു.
'അച്ഛന്‍റെ പ്രവർത്തനങ്ങൾ അറിയാൻ താത്പര്യമുണ്ട്'- അഹാന
രാഷ്രീയം അധികം ഫോളോ ചെയ്യുന്ന ആളല്ലെന്ന് മകൾ അഹാന കൃഷ്‌ണകുമാർ പറഞ്ഞു. അച്ഛന്‍റെ പ്രവർത്തനങ്ങൾ അറിയാൻ താത്പര്യം ഉണ്ട്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ വ്യക്തിപരമായി കാണാറില്ലെന്നും ആഹാന കൃഷ്‌ണകുമാർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ മോശമായി പെരുമാറുന്നവരിൽ അധികവും ഫേക്ക് അക്കൗണ്ട് ഉള്ളവരാണ്. ഫേക്ക് ഐഡിയിൽ ഒളിച്ചിരുന്ന് ഇത്തരം പെരുമാറ്റം നടത്താൻ ചിലർക്ക് ഭയങ്കര ഉത്സാഹം ആണ്. ഇവർക്ക് തന്നെ അറിയാം പറയുന്നത് ചീപ് ആണെന്നും സ്വന്തം ഐഡിയിലൂടെ പറയാൻ കഴിയില്ലെന്നും. അതു കൊണ്ട് ഇതിനെ വലുതായി ഗൗനിക്കേണ്ട കാര്യമില്ലെന്നും പക്ഷെ ഓരോരുത്തരും മാന്യത പുലർത്തേണ്ടതുണ്ടെന്നും അഹാന പറഞ്ഞു.
'അച്‌ഛൻ കൂളാണ്': ദിയ കൃഷ്‌ണ
ഇത്തവണ അച്‌ഛൻ ജയിക്കുമെന്ന് ഒരുപാട് പേർ പറയുന്നതായി മകള്‍ ദിയ കൃഷ്‌ണകുമാർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറേ നെഗറ്റീവ് കമന്‍റ്സ് ഒക്കെ കണ്ടിരുന്നു. ഇത്തവണ അങ്ങനെ ഇല്ല. അച്‌ഛൻ സിമ്പിളും കൂളുമാണെന്ന് ദിയ പറഞ്ഞു.