കോട്ടയം : ക്‌നാനായ യാക്കോബായ അസോസിയേഷൻ എടുത്ത തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് വിമത വിഭാഗം. ക്‌നാനായ ഭരണഘടനക്കെതിരായ തീരുമാനമാണ് ഇന്നലെ (മെയ് 21) അസോസിയേഷൻ എടുത്തത്. അന്ത്യോഖ്യ ഭദ്രാസനവും ഇടവകയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് തീരുമാനമെടുക്കാൻ അസോസിയേഷന് അധികാരമില്ലെന്നും വിമത വിഭാഗം നേതാവ് ഏലിയാസ് സക്കറിയ വ്യക്തമാക്കി.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ തന്നെ മാറ്റി. സഭയുടെ മേലധികാരം അന്ത്യോഖ്യ പാത്രിയർക്കീസിനാണ്. അപ്പലേറ്റ് അധികാരിയാണ് പാത്രിയർക്കീസ് ബാവ. മെത്രാപൊലീത്ത തെരഞ്ഞെടുത്താലും ബാവ അംഗീകാരം നൽകണം. ഭരണഘടനയ്‌ക്ക് വിരുദ്ധമായ നടപടികളാണ് മെത്രാപൊലീത്ത സ്വീകരിച്ചിരിക്കുന്നത്.
അടിസ്ഥാന നിയമങ്ങളെല്ലാം മാറ്റി മറിച്ചെന്നും പുറത്താക്കപ്പെട്ട മെത്രാപൊലീത്തയ്‌ക്ക് ഇതിനൊന്നും അധികാരമില്ലെന്നും വിമത വിഭാഗം വ്യക്തമാക്കി. ഇതുവരെ നടന്ന കാര്യങ്ങൾ ചേർത്ത് വായിക്കുമ്പോൾ സഭയെ അന്യസഭയിൽ ലയിപ്പിക്കാനുള്ള നീക്കമാണോ മെത്രാപൊലീത്ത നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും
സഹായ മെത്രാൻമാരെ വിലക്കാൻ അസോസിയേഷന് നിയമപരമായി അധികാരമില്ലെന്നും വിമത വിഭാഗം അറിയിച്ചു.
ക്‌നാനായ സഭ സ്വതന്ത്രമായി നിൽക്കും : ഇതിനിടെ ക്‌നാനായ സഭ സ്വതന്ത്രമായി നിൽക്കുമെന്ന് ക്‌നാനായ യാക്കോബായ അസോസിയേഷൻ വ്യക്തമാക്കി. സഭയുടെ ഉൾഭരണാധികാരത്തിൽ അന്ത്യോഖ്യ പാത്രിയാർക്കീസിന് ഇടപെടാൻ അവകാശമില്ല. ഇപ്പോഴുള്ള സഭ അധ്യക്ഷന് റിട്ടയർമെന്‍റ് ഇല്ലെന്നും സഹായ മെത്രാന്മാർക്ക് 75 വയസിലാണ് റിട്ടയർമെന്‍റെന്നും അസോസിയേഷൻ സെക്രട്ടറി ടി ഒ എബ്രഹാം പറഞ്ഞു.
പാത്രിയാർക്കീസ് ബാവയുടെ സസ്‌പെൻഷൻ അംഗീകരിക്കില്ല. സഹായ മെത്രാന്മാരെ ഔദ്യോഗിക പരിപാടികളിൽ ക്ഷണിക്കില്ലെന്ന് യോഗം തീരുമാനിച്ചതായും മെത്രാപൊലീത്തയുടെ അനുവാദമില്ലാതെ സഹായമെത്രാന്മാർക്ക് കൽപ്പന ഇറക്കാൻ ആകില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. അസോസിയേഷൻ യോഗം നടത്തുന്നതിനും തീരുമാനമെടുക്കുന്നതിനും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.