ഇടുക്കി: നിരപരാധിയായ യുവാവ് തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടത് 35 ദിവസം. ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ഷമീം ആണ് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത്. ഷമീമിനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഡല്‍ഹി കോടതിയിൽ അപേക്ഷ നൽകിരിക്കുകയാണിപ്പോൾ.
സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപെടുത്തി യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു എന്ന കേസിലാണ് ഷമീമിനെ ഡല്‍ഹി പൊലിസ് അറസ്‌റ്റ് ചെയ്‌തത്. സെക്കന്‍റ് ഹാൻഡ് മൊബൈൽ വാങ്ങിയതാണ് ഇയാൾക്ക് വിനയായത്. ഡല്‍ഹി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപെട്ടു എന്നായിരുന്നു കേസ്.
കഴിഞ്ഞ വർഷം നവംബർ 22 ന് ഷമീമിനെ നെടുങ്കണ്ടത്ത് നിന്ന് ഡല്‍ഹി പൊലിസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി ആദ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കേസിൽ ഡല്‍ഹി സ്വദേശി മാനവ് വിഹാരിയെ ഡല്‍ഹി പൊലിസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നെടുങ്കണ്ടം സ്വദേശിയായ ഷമീമിന്‍റെ കൈവശം ഉണ്ടായിരുന്ന വിദേശ നമ്പറിൽ നിന്ന് യുവതിയെ വിളിക്കുകയും വാട്‌സ് ആപ് കോൾ ചെയ്യുകയും ചെയ്‌തെന്നും പണം ആവശ്യപ്പെട്ടെന്നുമായിരുന്നു ഇയാൾക്ക് എതിരെയുള്ള കേസ്. ചെന്നൈ സ്വദേശിയായ ഷമീം ആറു വർഷമായി നെടുങ്കണ്ടത്ത് ആണ് താമസിക്കുന്നത്. നെടുങ്കണ്ടത്ത് നിന്ന് ഇയാൾ ഒരു സെക്കന്‍റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഈ മൊബൈലിന്‍റെ ഐ പി അഡ്രസിൽ നിന്നാണ് സന്ദേശം അയച്ചത്.
ഇത്തരം സന്ദേശങ്ങൾ ഒന്നും അയച്ചിട്ടില്ലെന്ന നിലപാടിൽ ഷമീം ഉറച്ചു നിന്നതോടെ മൊബൈൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ഫോണിൽ നിന്ന് തെളിവുകൾ ഒന്നും കണ്ടെത്താനായില്ല. ഒപ്പം ഷെമീമിന് ഒന്നാം പ്രതിയുമായോ പെൺകുട്ടിയുമായോ ബന്ധം ഉണ്ടെന്നുള്ളതിന്‍റെ തെളിവുകളും ലഭിച്ചില്ല. ഇതോടെയാണ് ഇയാളെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഡല്‍ഹി കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ ചെയ്യാത്ത കുറ്റത്തിന് ജയിൽ കഴിഞ്ഞതിനൊപ്പം ഒരു വർഷത്തോളം മനസികമായും പീഡിപ്പിക്കപ്പെട്ടു.
ഷമീമിന്‍റെ കൈവശം ഉണ്ടായിരുന്ന ഫോണിന്‍റെ ഐ പി അഡ്രസ് ഉപയോഗിച്ച് സന്ദേശം അയച്ചത് ആരെന്ന് ഇതുവരെയും കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. ജനുവരി 10ന് കേസ് വീണ്ടും കോടതി പരിഗണിയ്ക്കുമ്പോൾ വെറുതെ വിടുമെന്നും ഉണ്ടായ മാനക്കേടുകളെല്ലാം ഇല്ലാതാകുകുമെന്നുമുള്ള വിശ്വാസത്തിലാണ് ഷമീം ഇപ്പോൾ. അഭിഭാഷകരായ ബിജു പി രാമനും, ജോൺ തോമസ് അറയ്ക്കലുമാണ് ഷെമീമിനായി കോടതിയിൽ ഹാജരായത്.
Also Read:
- പോക്‌സോ കേസിൽ ജയിലിൽ കിടന്നത് 98 ദിവസം ; നിരപരാധിത്വം തെളിയിച്ച ആദിവാസി യുവാവ് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന് - പോക്‌സോ കേസ് ഡിഎൻഎ ഫലം
- 'നിയമവും തോല്‍ക്കും ഈ അമ്മയ്‌ക്ക് മുന്നില്‍': മകന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണവുമായി നേരിട്ടിറങ്ങി അമ്മ - ലക്‌നൗ
- 'ആ നവീനല്ല ഈ നവീൻ..' പോക്‌സോ കേസിൽ യഥാർഥ പ്രതിക്ക് പകരം നിരപരാധിയെ അറസ്‌റ്റ് ചെയ്‌തു, വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് 5 ലക്ഷം രൂപ പിഴ - പൊലീസിനെതിരെ നിയമനടപടിക്ക് ഉത്തരവ്