തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 95.69 ദശലക്ഷം യൂണിറ്റാണ് ഇന്നലെയുള്ള ആകെ ഉപയോഗം. തുടർച്ചയായ രണ്ടാം ദിവസമാണ് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ എത്തുന്നത്.
ഈ സാഹചര്യത്തിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്താനും സാധ്യതയുണ്ട്. പീക്ക് ടൈം ആവശ്യകതയിലും കുറവുണ്ട്. ഇന്നലെ 4585 മെഗാവാട്ട് ആയിരുന്നു ആവശ്യമുണ്ടായിരുന്നത്.
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് കെഎസ്ഇബി ആലോചിക്കുന്നത്. വേനൽ മഴ ലഭിച്ചതോടെയാണ് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായത്. മെയ് 8 ന് പല ഭാഗത്തും വേനല്‍ മഴ ലഭിച്ചതിനെത്തുടര്‍ന്ന് മാക്‌സിമം ഡിമാന്‍റില്‍ നല്ല കുറവാണുണ്ടായത്.
ബുധനാഴ്‌ചത്തെ മാക്‌സിമം ഡിമാന്‍റ് 5251 മെഗാവാട്ടായി കുറഞ്ഞതായും കെഎസ്ഇബി അറിയിച്ചിരുന്നു. ചൊവ്വാഴ്‌ചത്തെ മാക്‌സിമം ഡിമാന്‍റിനേക്കാള്‍ 493 മെഗാവാട്ടിന്‍റെ കുറവാണുണ്ടായത്. ചൊവ്വാഴ്ചത്തെ മാക്‌സിമം ഡിമാന്‍റ് 5744 മെഗാവാട്ടായിരുന്നു.