തിരുവനന്തപുരം: വയനാട്ടിന് പുറമേ കേരളത്തിലുടനീളം മഴ കനക്കുകയാണ്. നദികളിലെല്ലാം ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ആറ് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റ് ഇരുപതോളം നദികളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
കേരളാതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സജീവമാണെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നതാണെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്‌ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
വൈദ്യുതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മലയോര മേഖലയിലെ കനത്ത മഴയില്‍ നിലമ്പൂരിന്‍റെ വിവിധയിടങ്ങൾ ഒറ്റപ്പെട്ടു. കൊണ്ടോട്ടി ബൈപ്പാസില്‍ വെള്ളം കയറി. ചാലിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ നിലമ്പൂർ ജനതപ്പടി തോടിലും, കുതിര പുഴയിലെ ജലനിരപ്പ് ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ ചക്കാലക്കുത്ത് രാമൻകുത്ത് പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം വാഹനഗതാഗതം തടസ്സപ്പെട്ടു.
Also Read: വയനാട് ഉരുൾപൊട്ടൽ: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം