കോഴിക്കോട്: പരാതികളും പരിഭവങ്ങളും അലയടിച്ച വടകര, കേരളം ഉറ്റുനോക്കുന്ന മത്സരചൂടിലേക്ക് ഉയർന്നു കഴിഞ്ഞു. ടി പി വധക്കേസ് ഒരിക്കൽ കൂടി സജീവമാക്കി തുടങ്ങിയ പ്രചാരണത്തിൽ അടിപതറാതെ ശൈലജ ടീച്ചർ ഒന്നാം ഘട്ടം പൂർത്തിയാക്കിയിരുന്നു. ടീച്ചറുടെ വരവോടെ ഒന്ന് പതറിയ കെ മുരളീധരന് തക്ക സമയത്ത് തൃശൂരിലേക്ക് സ്ഥലം മാറ്റവും കിട്ടി.
ലേറ്റായി വന്നാലും ലേറ്റസ്‌റ്റായി ഇറങ്ങിയ ഷാഫി പറമ്പില്‍ തുടക്കം ഞെട്ടിച്ചു. പിന്നീട് ആൾക്കൂട്ടത്തിന്‍റെ ബലം കാണിക്കാൻ ഇടതും വലതും മത്സര ബുദ്ധി കാണിച്ചു. അതിനിടയിൽ പൊട്ടിയ പാനൂർ ബോംബ് ഇടത് പാളയത്തെ ചോദ്യമുനയിൽ നിർത്തി. കളം പിടിച്ച യുഡിഎഫ് കേരളം മൊത്തം അതിന്‍റെ അലയൊലികൾ തീർത്തു.
സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന ശൈലജയുടെ പരാതിയും പരഭവവും സ്ത്രീ പക്ഷം ഏറ്റുപിടിച്ചു. ആ ക്ഷീണത്തിൽ നിന്ന് കരകയറാൻ ഷാഫി കള്ളവോട്ട് പരാതിക്ക് തിരികൊളുത്തി. അതിനിടയിലും വോട്ട് ഷെയർ വർധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്‌ണൻ. വടകര തിളച്ച് മറിയുമ്പോൾ നേരിയ മുൻതൂക്കം ഇടതുപക്ഷത്തിനാണ്.
എൽഡിഎഫ് കണക്കു കൂട്ടുന്നത്..
കണ്ണൂർ ജില്ലയിലെ തലശ്ശേരിയും, കൂത്തുപറമ്പും, കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭ മണ്ഡലങ്ങളും ചേരുന്നതാണ് വടകര ലോക്‌സഭ മണ്ഡലം. നിലവിൽ വടകര നിയമസഭ മണ്ഡലം മാത്രമാണ് യുഡിഎഫിന്‍റെ കൈപ്പിടിയിൽ ഉള്ളത്. അതും ആർഎംപിയുടെ കരുത്തിൽ.
ശൈലജയുടെ പഴയ മണ്ഡലമായ കൂത്തുപറമ്പും, ഇടത് കോട്ടയായ തലേശരിയും മൃഗീയ ഭൂരിപക്ഷം നൽകിയാൽ കടന്നു കൂടാൻ അത് മതി എന്നതാണ് ഇടതിന്‍റെ ബലം. കെ മുരളീധരൻ ആശങ്കപ്പെടതും ആ ബലം കണ്ടിട്ടാണ്. പഴയ ആരോഗ്യ മന്ത്രി എന്ന ലേബലിൽ വനിത വോട്ടർമാർ കനിഞ്ഞാൽ പിന്നെ തിരിഞ്ഞ് നോക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ തട്ടി ഒഴുകിപ്പോയ വോട്ടുകൾ അതിലൂടെ ഭദ്രമാകുകയും ചെയ്യും.
യുഡിഎഫിന്‍റെ മനസിൽ..
വടകര മണ്ഡലത്തിലെ മുസ്‌ലിം വോട്ടിൽ തന്നെയാണ് അവരുടെ കണ്ണ്. നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി മണ്ഡലങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം വോട്ടായാൽ കൂത്തുപറമ്പും, തലശേരിയും ക്ഷീണം മാറ്റാൻ സഹായിക്കും. ഒപ്പം യുവജന പ്രാതിനിധ്യവും വോട്ടാകും എന്ന പ്രതീക്ഷയുണ്ട്. സോഷ്യൽ മീഡിയയിലൂടെ ശൈലജ ടീച്ചറെ വ്യക്തിഹത്യ നടത്തി എന്നത് ചെറിയ ക്ഷീണമായപ്പോൾ, പ്രതിരോധിക്കാൻ വനിത എംഎൽഎമാരെ തന്നെ ഷാഫി രംഗത്തിറക്കി.
പാലക്കാടൻ കളിയാണ് ഈ അറ്റാക്കിന് പിന്നിൽ എന്നതും ഷാഫിക്ക് ഗുണകരമാകില്ല എന്ന കണക്ക് കൂട്ടലുകളുണ്ട്. ഏറ്റവും പുതിയതായി ഒരേ മുന്നണിയായിട്ടും സ്വന്തം കൊടി ഉയർത്താൻ പറ്റാത്തതിന്‍റെ ചൊരുക്ക് ലീഗിൽ പ്രകടമായി തുടങ്ങിയിട്ടുണ്ട്. നാദാപുരത്ത് അടക്കമുള്ള ലീഗ് കോട്ടകളെ ശാന്താരക്കണം എന്നതും അജണ്ടയിലുണ്ട്.
എൻഡിഎയുടെ ലക്ഷ്യം..
വടകര എംപി ആയിരിക്കെ നേമത്തിറങ്ങി കുമ്മനത്തെ നേരിടാൻ പോയതു മുതൽ കെ മുരളീധരനോട് ബിജെപിക്ക് പകയുണ്ട്. വീണ്ടും വടകര ഇറങ്ങിയിരുന്നെങ്കിൽ ക്രോസ് വോട്ട് ചെയ്‌ത് മുരളിയെ തറപറ്റിക്കുമായിരുന്നു. എന്നാൽ നിലവിലെ അവസ്ഥയിൽ ഷാഫിക്ക് കുത്താനും ബിജെപി തയ്യാറാവില്ല. എങ്കിൽ പിന്നെ സ്വന്തം ശേഷം വർധിപ്പിക്കുക എന്നത് പ്രഥമ ലക്ഷ്യം. ഓരോ മുക്കിലും മൂലയിലും വളർന്ന് വരുന്ന പിണറായി ഭരണ വിരുദ്ധ വികാരത്തിലാണ് അവരുടെ കണ്ണ്. എന്നാൽ പ്രഫുൽ കൃഷ്‌ണനിൽ ജനം എത്രത്തോളം ആകൃഷ്‌ടരാകും എന്നതിലും രണ്ടഭിപ്രായങ്ങൾ ഉണ്ട്.
വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
- പ്രഫുല്‍ കൃഷ്‌ണന്‍- ബിജെപി- താമര
- കെ കെ ശൈലജ ടീച്ചര്‍- സിപിഐ(എം)- ചുറ്റിക അരിവാള്‍ നക്ഷത്രം
- ഷാഫി പറമ്പില്‍- കോണ്‍ഗ്രസ്- കൈ
- കുഞ്ഞിക്കണ്ണന്‍ പയ്യോളി- സ്വതന്ത്രൻ- ഓട്ടോറിക്ഷ
- മുരളീധരന്‍- സ്വതന്ത്രൻ- ഫ്രോക്ക്
- ശൈലജ പി (w/o കുഞ്ഞിരാമന്‍)- സ്വതന്ത്ര- മോതിരം
- ഷാഫി (s/o മൊയ്‌തീന്‍)- സ്വതന്ത്രൻ- ബാറ്റ്സ്‌മാന്‍
- ഷാഫി ടി പി ( s/o അബ്‌ദുള്‍ റഹ്‌മാന്‍ ടി പി)- സ്വതന്ത്രൻ- ഗ്ലാസ് ടംബ്ലര്‍
- ഷൈലജ (w/o ജയകൃഷ്‌ണന്‍)- സ്വതന്ത്ര- ഡിഷ് ആന്‍റിന
- കെ കെ ഷൈലജ (w/o രാജന്‍)- സ്വതന്ത്ര- പായ് വഞ്ചിയും തുഴക്കാരനും
- ആകെ വോട്ടർമാർ 14,21,883
- സ്‌ത്രീകൾ 7,40,246
- പുരുഷർമാർ 6,81,615
- മറ്റുള്ളവർ (മൂന്നാം ലിംഗം) 22