എറണാകുളം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ഹർജി ഈ മാസം 13 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നടിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന വാദമുയർത്തിയാണ് സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്.
പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്‍റെ തീയതി ഓർമയില്ലെന്ന നടിയുടെ വാദം സംശയകരമാണ്. താൻ ബലാത്സംഗം ചെയ്‌തുവെന്ന ആരോപണം തെറ്റാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ സിദ്ദീഖ് വാദിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് നടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ കേസെടുത്തിരിക്കുന്നത്. 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു നടിയുടെ പരാതി. തെളിവെടുപ്പിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ പൊലീസ് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
അതിനിടെ നടൻ മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്‌സ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് പീഡനമാരോപിച്ചാണ് ഹർജി.
Also Read:ആദ്യം കാണുമ്പോൾ തമാശ, ചിന്തിച്ചാൽ ക്രൈം; സോഷ്യൽ മീഡിയയിൽ തരംഗമായി #മോഹൻലാൽ