കാസർകോട് : കുവൈറ്റിൽ നിന്നും നാട്ടിൽ എത്തിയ ശ്രീജിത്ത് സ്വന്തം ബസിന്‍റെ ഡ്രൈവിങ് സീറ്റിൽ ഇരുന്നു. ബസ് ബന്തടുക്കയിൽ നിന്നും യാത്ര ആരംഭിച്ചു. കാസർകോട് ബസ്‌സ്റ്റാൻഡിൽ എത്തിയപ്പോൾ ചൂട് സഹിക്കാൻ കഴിഞ്ഞില്ല. ഡ്രൈവർ സീറ്റിനു മുകളിൽ ഫാൻ ഉണ്ടായിട്ടും തന്‍റെ അവസ്ഥ ഇതാണെങ്കിൽ യാത്രക്കാരുടെ അവസ്ഥ എന്താകുമെന്ന് ശ്രീജിത്ത് ചിന്തിച്ചു.
അന്ന് തന്നെ മനസിൽ വിചാരിച്ചു, പുതിയ ബസ് ഇറക്കുമ്പോൾ എസി ബസ് ആയിരിക്കണമെന്ന്. എസി ബസിനെ പറ്റി അന്വേഷണങ്ങൾ നടന്നു. സോളാറിൽ നിന്നുള്ള എസി അത്ര ഫലപ്രദമല്ലെന്ന് കണ്ടെത്തിയതോടെ മറ്റു രീതിയിലേക്ക് അന്വേഷണം നടത്തി. തൃശൂരിൽ ആളെ കണ്ടെത്തി പണി ആരംഭിച്ചു.
അങ്ങനെ കേരളത്തിലെ ആദ്യത്തെ ഹൈബ്രിഡ് എസി ബസ് കാസർകോട് - ബന്തടുക്ക റൂട്ടിൽ കൂളായി സർവീസ് ആരംഭിച്ചു. യാത്രക്കാരും ഹാപ്പി. ടൂറിസ്റ്റ് ബസുകളിൽ ഹൈബ്രിഡ് എസി ഉണ്ടെങ്കിലും ലോക്കൽ സർവീസ് നടത്തുന്ന ബസിൽ ഇങ്ങനെ ആദ്യമാണെന്ന് ശ്രീജിത്ത് പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശ്രീകൃഷ്‌ണ എന്ന പുത്തൻ ബസാണ് ശീതീകരണ സംവിധാനത്തോടെ കാസർകോട് നിന്നു മലയോര ഗ്രാമമായ ബന്തടുക്കയിലേക്ക് സർവീസ് നടത്താൻ തുടങ്ങിയത്. പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായതിൽ സന്തോഷം ഉണ്ടെന്നും ബസ് ഉടമ ശ്രീജിത്ത് പുല്ലായിക്കോടി പറഞ്ഞു. വേനൽ ചൂടിനെ മുന്നിൽ കണ്ടുകൊണ്ടുള്ള ഈ ഉദ്യമത്തിന് നാട്ടുകാരുടെ നിറഞ്ഞ കയ്യടിയുമുണ്ട്.
വേനൽ കാലമായാൽ കടുത്ത ചൂട് കാരണം യാത്രക്കാർക്കും ജീവനക്കാർക്കും വിയർത്ത് യാത്ര ചെയ്യേണ്ട അവസ്ഥ ആണ് കാസർകോട് ജില്ലയിൽ. ഒപ്പം പൊടിയും. ഇതിനു അല്‍പമെങ്കിലും ആശ്വാസമാകും.
ബസ് ശീതീകരിക്കാൻ ആറു ലക്ഷം രൂപയാണ് ചെലവാക്കിയത്. മികച്ച വരുമാനം കിട്ടിയാൽ ഒരു വർഷം കൊണ്ട് തന്നെ ഇത് മുതലാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ശ്രീജിത്ത്. അതിനു കഴിഞ്ഞില്ലെങ്കിലും താൻ ഹാപ്പി ആണെന്ന് അദ്ദേഹം പറഞ്ഞു. എസി ഉപയോഗിക്കുന്നത് കൊണ്ട് മൈലേജ് കുറവുകൾ ഒന്നും ഉണ്ടാകുന്നില്ലെന്നും ബസ് ഉടമ പറഞ്ഞു.
എല്ലാ ദിവസവും നാല് ട്രിപ്പുകളാണ് ബസിന് ഉള്ളത്. രാവിലെ ആറരയ്ക്കാണ് ബസ് സർവീസ് തുടങ്ങുക. ആ സമയത്ത് വെയിൽ ഇല്ലാത്തതിനാൽ എസി പ്രവർത്തിപ്പിക്കില്ല. വെയിൽ വന്ന്, അന്തരീക്ഷം ചൂടാകുമ്പോഴേക്കും എസി ഓൺ ചെയ്യും. സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ പകുതിയിലേറെയും സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിലും പുതിയ മാറ്റങ്ങളോടെ ബസ് ഇറക്കാൻ ശ്രീജിത്തിനെ പ്രേരിപ്പിച്ചതും ബസിനോടുള്ള പ്രണയമാണ്.
വർഷങ്ങൾക്ക് മുന്നേ ശ്രീജിത്തിന്‍റെ അമ്മാവന് ബസ് ഉണ്ടായിരുന്നു. ഇത് കണ്ടാണ് ശ്രീജിത്ത് വളർന്നത്. ഒപ്പം ബസ് പ്രേമവും വളർന്നു. അങ്ങനെ വർഷങ്ങൾക്കിപ്പുറം ബസ് മുതലാളിയുമായി. ഇപ്പോൾ രണ്ടു ബസുകൾ സ്വന്തമായുണ്ട്.
പ്രതിസന്ധികളെ തുടർന്ന് ബസ് വ്യവസായം പലരും ഒഴിവാക്കുകയാണല്ലോ എന്ന് ചോദിച്ചാൽ ശ്രീജിത്തിന് പുഞ്ചിരിയാണ് മറുപടി. തനിക്ക് ഇനിയും ബസുകൾ നിരത്തിൽ ഇറക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലും ശ്രീജിത്ത് ഡ്രൈവർ ആണ്. ലീവിന് ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്.
Also Read: ഇത് വാടകയല്ല സ്വന്തമാണ്...; ആനവണ്ടിയില്‍ ഇനി 'പാട്ട് യാത്ര', ബോക്‌സും മൈക്കും ഒരുങ്ങുന്നു