കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗത്തെ വീണ്ടും യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ട് വീക്ഷണത്തിന്‍റെ എഡിറ്റോറിയൽ പുറത്തുവന്ന സംഭവത്തിൽ പ്രതികരിച്ച് മോൻസ് ജോസഫ് എംഎൽഎ. യുഡിഎഫ് ചർച്ച ചെയ്യാത്ത വിഷയത്തെ കുറിച്ച് കേരള കോൺഗ്രസ് പാർട്ടി അഭിപ്രായം പറയില്ലെന്ന് മോൻസ് ജോസഫ് വ്യക്‌തമാക്കി. മുന്നണിയിലേക്ക് ആരെയെങ്കിലും പ്രവേശിപ്പിക്കാനാണെങ്കിലും ആർക്കെങ്കിലുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണെങ്കിലും യുഡിഎഫ് നേതൃയോഗത്തിൽ ചർച്ച ചെയ്‌ത ശേഷമായിരിക്കും അഭിപ്രായം പറയുകയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതൃയോഗത്തിൽ ചർച്ച ചെയ്‌ത ശേഷമാണ് ഇത്തരം വിഷയങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നത്. ഇതുവരെ യുഡിഎഫിൽ ഇത്തരമൊരു കാര്യം ചർച്ച ചെയ്‌തിട്ടില്ല. യുഡിഎഫ് ചർച്ച ചെയ്യാത്ത ഒരു വിഷയത്തെക്കുറിച്ച് യുഡിഎഫിലെ ഘടകകക്ഷി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് യുഡിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചർച്ച വന്നാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീക്ഷണം പറഞ്ഞിരിക്കുന്നത് കോൺഗ്രസിന്‍റെ അഭിപ്രായമല്ലെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവരെ യുഡിഎഫിൽ ഇത്തരമൊരു ചർച്ച നടന്നിട്ടില്ല. ഇക്കാര്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കൃത്യമായ നിലപാടുണ്ടെന്നും മോൻസ് ജോസഫ് വ്യക്‌തമാക്കി.
യുഡിഎഫിലേക്ക് ഏതെങ്കിലും പുതിയ കക്ഷികൾ വരാൻ തയ്യാറാണെങ്കിൽ അവർ ആദ്യം അഭിപ്രായം പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രാജ്യസഭ സീറ്റ് കിട്ടിയില്ലെങ്കിൽ അത് വൻ നഷ്‌ടമെന്നും മോൻസ് കൂട്ടിച്ചേർത്തു.
Also Read: ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ കിടന്ന് വെന്തുരുകരുത്, മടങ്ങി വരണം; കോൺഗ്രസ് മുഖപത്രം