കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരുമെന്നും മുട്ടുമടക്കില്ലെന്നും വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നും ആർഎസ്എസ് അവലംബിക്കുന്നത് ഹിറ്റ്ലറിന്‍റെ രീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി (Kerala CM Pinarayi Vijayan On CAA).
കൊല്ലം പീരങ്കി മൈതാനത്ത് ഇടതുമുന്നണി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പൗരത്വ ഭേദഗതിക്കെതിരായി നിലപാട് കടുപ്പിച്ചും കേന്ദ്രസർക്കാരിനെയും ആർഎസ്എസിനെയും കടന്നാക്രമിച്ചും മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഒരു മണിക്കൂർ നീണ്ടു.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്‌ടറൽ ബോണ്ട്. ഇതിനെതിരെ രംഗത്തുവന്ന കമ്മ്യൂണിസ്‌റ്റ് പാർട്ടി സുപ്രീം കോടതിയെ സമീപിച്ചു. കോടതിയുടെ ഇടപെടലിലൂടെ അഴിമതി വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു. ജൂതരെയും ബോൾഷെവിക്കുകളെയും ആഭ്യന്തര ശത്രുക്കളായി കണ്ട ഹിറ്റ്ലറിന്‍റെ നടപടിയാണ് ആർഎസ്എസ് സ്വീകരിക്കുന്നത്.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ ജെ ചിഞ്ചു റാണി, കെ ബി ഗണേഷ് കുമാർ എന്നിവരും വിവിധ മതമേലധ്യക്ഷന്മാരും സംസാരിച്ചു.കൊല്ലത്തെ ഇടതു സ്ഥാനാർഥി എം മുകേഷ് എംഎൽഎ പൗരത്വ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.