തിരുവനന്തപുരം: വയനാട്, കോഴിക്കോട് പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ച് പതിനഞ്ചാം നിയമസഭയുടെ 12-ാം സമ്മേളനം ഇന്നാരംഭിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച നിയമസഭ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സ്‌പീക്കര്‍ എ എന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മറ്റ് ഭരണ-പ്രതിപക്ഷ കക്ഷിനേതാക്കളും വയനാടിന് ആദരമര്‍പ്പിച്ചു.
ആദ്യ ദിനം ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് ഇരിപിടം മാറ്റിയ നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ സഭയിലെത്തിയില്ലെന്നതും ശ്രദ്ധേയമായി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി വയനാട് ഉരുള്‍പൊട്ടലിനെ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ഉപമിച്ചു. ദുരന്തമേല്‍പ്പിച്ച ആഘാതങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ദുരന്ത സാഹചര്യങ്ങളെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയും തേടി.
വയനാട് ഉള്‍പ്പെടെയുള്ള ദുരന്തമുഖങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായം തേടുന്നതില്‍ സര്‍ക്കാരിന് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ഭരണ - പ്രതിപക്ഷ മുന്നണികളിലെ കക്ഷിനേതാക്കളും ഉപചാരമര്‍പ്പിച്ചു.
സഭ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് ഉച്ചയോടെ നിയമസഭ പിരിയും. തുടര്‍ന്ന് തിങ്കളാഴ്‌ച രാവിലെ 9ന് വീണ്ടും സഭ ചേരും. 9 ദിവസമായി ചേരുന്ന നിയമസഭ സമ്മേളനത്തില്‍ 6 ബില്ലുകളാകും പരിഗണിക്കുക.
തൃശൂര്‍ പൂരം കലക്കല്‍, എഡിജിപി വിവാദം, പി വി അന്‍വര്‍ എന്നിങ്ങനെ ഇത്തവണത്തെ സഭാ സമ്മേളനം സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ വേദിയാക്കാനുള്ള പടയൊരുക്കത്തിലാണ് പ്രതിപക്ഷം. സഭയ്ക്ക് പുറത്തും പ്രതിഷേധം വരും ദിവസങ്ങളില്‍ കനക്കും. ആദ്യ ദിനം തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭ മാര്‍ച്ചുമുണ്ട്.
Also Read: സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറില്‍ നടക്കില്ല; ജനുവരിയിലേക്ക് മാറ്റിവെച്ചു