ഇടുക്കി: കുട്ടികളും മുതിര്‍ന്നവരും ഒത്തു ചേരുന്നിടം. അതിന്‍റെ അമരത്ത്, അക്ഷരങ്ങളുടെ കാവല്‍ക്കാരിയായി രാജമ്മ. ഇടുക്കി നെടുങ്കണ്ടം കോമ്പയാറിലെ സംസ്‌കാര പോഷിണി വായന ശാലയിലെ ലൈബ്രേറിയനാണ് കെബി രാജമ്മ. ഈ വനിത ദിനത്തില്‍ രാജമ്മയ്ക്കും പറയാനുണ്ട് അക്ഷരങ്ങൾക്കൊപ്പം ഒരു നാടിനെ ചേർത്തുപിടിച്ച കഥ.
1969 ല്‍ പോസ്റ്റ് ഓഫീസിലെ താത്കാലിക ജോലിക്കാരിയായാണ് രാജമ്മ കോമ്പയാറില്‍ എത്തുന്നത്. സംസ്‌കാര പോഷിണി വായന ശാലയിലെ അംഗമായതും ആ വർഷം തന്നെ. 1970 ല്‍ വിവാഹിതയായതോടെ കോമ്പയാറില്‍ സ്ഥിരതാമസമായി. വായന ശാലയിലെ സ്ഥിരം സാന്നിധ്യവും.
താത്കാലിക ജോലി നഷ്‌ടമായെങ്കിലും പിന്നീട്, പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി. 1979 ലും 2000 ലും നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. തിരക്കേറിയ പൊതു പ്രവര്‍ത്തന ജീവിതത്തിനിടയിലും പുസ്‌തകങ്ങളെ മറന്നില്ല. വായനശാലയിലെ സാധാരണ അംഗത്തില്‍ നിന്നും കമ്മറ്റി അംഗമായി.
2016 മുതല്‍ ലൈബ്രേറിയന്‍ സ്ഥാനവും ഏറ്റെടുത്തു. ഇന്ന് പുസ്‌തകങ്ങള്‍ തേടിയെത്തുന്നവര്‍ കുറവാണെങ്കിലും കോമ്പയാര്‍ സംസ്‌കാര പോഷിണിയുടെ പ്രവര്‍ത്തനം വ്യത്യസ്ഥമാണ്. ഗ്രാമത്തിലെ യുവ ജനതയെ സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ പ്രാപ്‌തമാക്കുന്ന തരത്തിലാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍.
കോമ്പയാറിന്‍റെ ഗ്രാമീണ കൂട്ടായ്‌മയുടെ പ്രതീകം കൂടിയാണ് സംസ്‌കാര പോഷിണി വായനശാല. കുട്ടികളും മുതിര്‍ന്നവരും അടക്കം ഒത്തു ചേരുന്നിടം. അതിന്‍റെ അമരക്കാരിലൊരാളായി, അക്ഷരങ്ങളുടെ കാവല്‍ക്കാരിയായി രാജമ്മയും.