തിരുവനന്തപുരം : കാര്യവട്ടം കേരള സർവകലാശാല ക്യാമ്പസില്‍ നിന്ന് ലഭിച്ച അസ്ഥികൂടം പുരുഷന്‍റേതെന്ന് പ്രാഥമിക നിഗമനം. ഏറെ നേരം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അസ്ഥികൂടം പുറത്തെടുത്തത്. അസ്ഥികൂടം ആരുടേതെന്ന കാര്യം പരിശോധിക്കാൻ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. വിവിധയിടങ്ങളില്‍ കാണാതായ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും (Human Skeleton in Karyavattom Campus).
വാട്ടർ ടാങ്കിൽ നിന്ന് തൊപ്പി, കണ്ണട, ടൈ എന്നിവ കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് ഒരു വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. സമീപത്തുതന്നെ ഒരു ബാഗും കണ്ടെത്തിയിരുന്നു. ഇവ വിശദമായി പരിശോധിക്കും.
കഴക്കൂട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 24 മണിക്കൂറും സുരക്ഷയുള്ളതാണ് സർവകലാശാല ക്യാമ്പസ്. മുൻപും നിരവധി ആത്മഹത്യകൾ ക്യാമ്പസില്‍ നടന്നിട്ടുണ്ട്. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ ഈ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റാൻ വാട്ടർ അതോറിറ്റിക്ക് ഫയർഫോഴ്‌സ് നിർദ്ദേശം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ക്യാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം കണ്ടെത്തിയത്.