എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതിയായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്ഥാപനത്തിലെ മുൻ അക്കൗണ്ടന്‍റായ പ്രതി സി കെ ജിൽസിനും ജാമ്യം ലഭിച്ചു. ഒരു വർഷത്തിലേറെയായി ഇരുവരും റിമാന്‍റിൽ ആയിരുന്നു.
കരുവന്നൂർ തട്ടിപ്പ് കേസിൽ തങ്ങൾക്കെതിരായ ഇഡി അന്വേഷണം പൂർത്തിയായതാണെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ചതാണെന്നുമുളള ഇരുവരുടെയും വാദം അംഗീകരിച്ചാണ് നടപടി. സിപിഎമ്മിന്‍റെ വടക്കാഞ്ചേരി നഗരസഭാംഗമാണ് പി ആർ അരവിന്ദാക്ഷൻ. നിലവിൽ ജാമ്യം നിഷേധിക്കാൻ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2023 സെപ്റ്റംബർ 26നാണ് കരുവന്നൂർ കേസിൽ അരവിന്ദാക്ഷൻ അറസ്റ്റിലാകുന്നത്. എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്‍റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്‍റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, ഇത് ബിനാമി വായ്‌പകൾ വഴി ലഭിച്ച പണം ആണെന്നും ഇഡി വാദിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഒക്‌ടോബറിൽ തള്ളിയിരുന്നു.