കോഴിക്കോട്: മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യമായി ഒന്നും നടക്കുന്നില്ലെന്ന് അർജുന്‍ ഒടിച്ചിരുന്ന ലോറി ഉടമ മനാഫ് ഇടിവി ഭാരതിനോട്. അപകടം നടന്ന സ്ഥലത്തെത്തിയ മനാഫ് സഹായ അഭ്യർത്ഥന നടത്തുകയാണ്.
'കേരളത്തിലെ നേതാക്കൾ പറയുന്നത് പോലെ ഒരു പ്രവൃത്തിയും ഇവിടെ നടക്കുന്നില്ല., റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് അവർ പ്രാധാന്യം നൽകുന്നത്, ലോറിയുടെ മുകളിൽ വലിയ തരത്തിൽ മണ്ണില്ല., പരിശ്രമം ശക്തമാക്കിയാൽ ജീവൻ തിരിച്ചു കിട്ടും., കാലാവസ്ഥ മോശമാണ്., വളരെ കാലമായി അർജുൻ കൂടെയുണ്ട്., മികച്ച ഡ്രൈവറാണ്., കർണ്ണാടകയിൽ നിന്നും കല്ലായിലേക്ക് മരവുമായി വരുമ്പോഴാണ് അപകടം., അര ടാങ്ക് ഡീസൽ ലോറിയിലുണ്ട്.' മനാഫ് പറഞ്ഞു.
ഇക്കഴിഞ്ഞ 16-ാം തീയതിയായിരുന്നു അപകടം നടന്നത്. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചത്. അതല്ലാതെ ഇതുവരെ വിവരമൊന്നും ലഭ്യമായിട്ടില്ല.
ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.