കണ്ണൂർ: പരീക്ഷ ചോദ്യ പേപ്പറില്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണം പരാമര്‍ശിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയ അധ്യപകനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ട സംഭവത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല. യുജിസി നെറ്റ് യോഗ്യതയുള്ളവരെ നിയമിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അധ്യാപകനെ പുറത്താക്കിയതെന്നാണ് വിശദീകരണം. സംഭവത്തിന് പിന്നാലെ വിശദീകരണം പോലും തേടാതെയാണ് അധ്യാപകനെ പിരിച്ച് വിട്ടതെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സര്‍വകലാശാല വിശദീകരണവുമായി എത്തിയത്.
ഇന്നലെയാണ് (നവംബര്‍ 7) മഞ്ചേശ്വരം ലോ കോളേജ് താത്കാലിക അധ്യപകനായ ഷെറിന്‍ സി എബ്രഹാമിനെതിരെ സര്‍വകലാശാല നടപടിയുണ്ടായത്. എസ്‌എഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ 28ന് നടന്ന മൂന്നാം സെമസ്‌റ്റർ 'ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്റ്റീസ്' എന്ന ഇന്‍റേണൽ പരീക്ഷ ചോദ്യപേപ്പറിലായിരുന്നു എഡിഎമ്മിന്‍റെ മരണം സംബന്ധിച്ച പരാമര്‍ശമുണ്ടായത്.
സംഭവത്തിന് ആസ്‌പദമായ ചോദ്യം: 'യാത്രയയപ്പ് യോഗത്തിൽ കൈക്കൂലി ആരോപണത്തെ തുടർന്ന് എഡിഎം ആത്മഹത്യ ചെയ്‌തു. രാഷ്‌ട്രീയ നേതാവിന്‍റെ പരസ്യമായ കൈക്കൂലി ആരോപണമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. കൈക്കൂലി നൽകിയതിനുള്ള തെളിവുകളൊന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഇതുവരെ ഹാജരാക്കിയിട്ടില്ല. അവർക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അവർ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിന് കേരള ഹൈക്കോടതി ഒക്‌ടോബർ 24ലേക്ക് കേസ് മാറ്റിവച്ചു- ഇതിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും വിഷയങ്ങളും സംബന്ധിച്ച് കുറിപ്പ് തയാറാക്കുക.' എന്നായിരുന്നു ചോദ്യം.
ഇതേ ചോദ്യം മൂന്നാം സെമസ്‌റ്റർ എൽഎൽബി ഇൻ്റേണൽ പരീക്ഷക്കും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ സമകാലിക പ്രസക്തിയുള്ള ഒരു വിഷയം കുട്ടികൾക്ക് മറ്റൊരു ചോദ്യത്തിനൊപ്പം നൽകി എന്നതല്ലാതെ ഇതില്‍ യാതൊരുവിധ രാഷ്‌ട്രീയവും ഉദ്ദേശിച്ചിട്ടില്ലെന്നാണ് അധ്യാപകന്‍റെ വിശദീകരണം.
Also Read: എഡിഎമ്മിന്‍റെ മരണം പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി; ലോ കോളജ് അധ്യാപകനെ പിരിച്ചുവിട്ടു