കണ്ണൂര്‍ : കേരളത്തിന് ഏറെ പരിചയമില്ലാത്ത എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ബ്രിഡ്‌ജ് ടൂറിസത്തിന് കളമൊരുങ്ങുകയാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഉപയോഗ രഹിതമായ പാലങ്ങള്‍ ടൂറിസത്തിന് ഉപയോഗപ്പെടുത്തുന്ന പദ്ധതി നേരത്തേ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുകയാണ്. തലശ്ശേരിക്കും കണ്ണൂരിനുമിടയിലെ പഴയ മൊയ്‌തു പാലം ഉപയോഗപ്പെടുത്തി ധര്‍മ്മടം മേഖലയില്‍ ടൂറിസം സര്‍ക്യൂട്ടിന് തുടക്കമിടുന്നതിന്‍റെ പരിശോധന അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്.
1930-ല്‍ പണിതീര്‍ത്ത മൊയ്‌തുപാലത്തിലൂടെ ഗതാഗതം നടത്തുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന ദീര്‍ഘനാളത്തെ മുറവിളിക്കൊടുവിലാണ് സമാന്തരമായി മറ്റൊരു പാലം നിര്‍മ്മിക്കപ്പെട്ടത്. ധര്‍മ്മടം പുഴക്ക് കുറുകേ മൊയ്‌തുപാലത്തിന് സമാന്തരമായി പുതിയ പാലം പണിതതിനെ തുടര്‍ന്ന് പത്ത് വര്‍ഷത്തോളം ഈ പാലം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി നിര്‍ദേശം വന്നതോടെയാണ് പാലത്തിന്‍റെ സാധ്യത ഉപയോഗപ്പെടുത്താന്‍ തീരുമാനമായത്. ഇപ്പോള്‍ ഉപയോഗിക്കപ്പെടാത്ത മൊയ്‌തുപാലത്തിന്‍റെ ബലപരിശോധനയാണ് നടന്നു വരുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2016 ല്‍ പുതിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്ത ശേഷം പഴയ പാലം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ബലമുള്ള ഇരുമ്പു ഗര്‍ഡറുകളും ബാറുകളും യാതൊരു കേടും കൂടാതെ നില്‍ക്കുന്നുവെങ്കിലും പാലത്തിന്‍റെ അടിഭാഗത്തിന്‍റെ ബലത്തെക്കുറിച്ച് ഉറപ്പിക്കാനാവില്ല. ബലപരിശോധന നടത്തി തൃപ്‌തിയായാല്‍ വിനോദസഞ്ചാരത്തിന് ധര്‍മ്മടത്ത് വന്‍കുതിപ്പുണ്ടാകും.
ധര്‍മ്മടം തുരുത്തും പുഴയും കടലും സംഗമിക്കുന്ന ധര്‍മ്മടം മുനമ്പും മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചും എല്ലാം സഞ്ചാരികളെ ആകര്‍ഷിക്കും. കേരളാ ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സാങ്കേതിക വിദഗ്‌ധരാണ് പാലത്തിന്‍റെ ബലപരിശോധന നടത്തുന്നത്. നാല്പ്പത് മീറ്റര്‍ നീളത്തില്‍ നാല് സ്പാനുകളാണ് മൊയ്‌തു പാലത്തിനുളളത്.
ഇതില്‍ ഓരോ സ്പാനുകളിലും 2200 ചാക്കുകളിലായി മണല്‍ നിറച്ചാണ് ഭാരപരിശോധന. പരിശോധന പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്‍റെ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കും. തുടര്‍ന്ന് പാലം ബലപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. എത്രമാത്രം ഭാരം വഹിച്ച് പാലം ഉപയോഗിക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് ശാസ്ത്രീയമായി വിലയിരുത്തും. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിനോദസഞ്ചാര സാധ്യതകള്‍ കണ്ടെത്തുക.