കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ എയര്‍ ഹോസ്‌റ്റസ് സുരഭി ഖാതുന്‍ നേരത്തെയും പലതവണ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഡിആര്‍ഐയ്ക്ക് ഈ വിവരം ലഭിച്ചത്. അറുപത് ലക്ഷത്തോളം രൂപ വിലവരുന്ന 960 ഗ്രാം സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് കൊല്‍ക്കത്ത സ്വദേശിയായ സുരഭി കഴിഞ്ഞ ദിവസം ഡിആര്‍ഐയുടെ പിടിയിലായത്.
നാല് ക്യാപ്‌സ്യൂളുകളാണ് സുരഭി ശരീരത്തിൽ ഒളിപ്പിച്ചതെന്നാണ് ഡിആര്‍ഐ നൽകുന്ന വിവരം. പ്രാഥമിക അന്വേഷണത്തിൽ തന്നെ സുരഭി നേരത്തെയും സ്വർണം കടത്തിയിരുന്നുവെന്ന് ഡിആര്‍ഐ കണ്ടെത്തി. സ്വർണക്കടത്ത് സംഘവുമായി സുരഭിക്കുള്ള ബന്ധത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ഡിആർഐയുടെ തീരുമാനം.
സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്തിയതിന് വിമാനജീവനക്കാരി പിടിയിലാവുന്ന രാജ്യത്തെ ആദ്യത്തെ സംഭവമാണിതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതേസമയം സ്വർണക്കടത്ത് സംഘത്തിലെ കാരിയർ മാത്രമായ എയർ ഹോസ്റ്റസ് ആർക്ക് സ്വർണം കൈമാറാനാണ് പദ്ധതിയിട്ടതെന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്.
കേരളത്തിൽ ഇവർക്ക് ആരുമായിട്ടാണ് ബന്ധമെന്നത് കണ്ടെത്തേണ്ടത് ഈ സംഭവത്തിൽ പ്രധാനപ്പെട്ടതാണ്. സുരഭിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ഡിആര്‍ഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരഭിയെ കസ്റ്റഡില്‍ വാങ്ങി ഡിആർഐ ചോദ്യം ചെയ്യും.