കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ഇന്ന് (ഒക്‌ടോബര്‍ 15) രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന് ഇന്നലെ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഇതിനിടെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിന് പിന്നാലെയാണ് എഡിഎമ്മിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തിയാണ് പിപി ദിവ്യ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതുവഴി പോകുമ്പോഴാണ് ഇത്തരമൊരു ചടങ്ങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞതെന്ന ആമുഖത്തോടെയാണ് ദിവ്യ പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് ചെങ്ങളായിയിൽ തുടങ്ങാനിരിക്കുന്ന പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് വൈകിപ്പിച്ച എഡിഎം നടപടിയെ ദിവ്യ വിമര്‍ശിച്ചു. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസത്തിനകം അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്നത് തനിക്കറിയാമെന്നും ദിവ്യ പറഞ്ഞു. സംഭവത്തിന്‍റെ വിശദ വിവരം രണ്ട് ദിവസത്തിനകം പുറത്ത് വിടുമെന്നും യോഗത്തില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കണ്ണൂരിൽ നടത്തിയത് പോലെയുള്ള സഹായം പുതുതായി പോകുന്ന സ്ഥലത്ത് എഡിഎം നടത്തരുതെന്നും പറഞ്ഞ ദിവ്യ പ്രസംഗത്തിന് പിന്നാലെ എഡിഎമ്മിന് ഉപഹാരം നൽകുന്ന ചടങ്ങിന് മുമ്പായി വേദി വിടുകയും ചെയ്‌തു. ഇത്തരത്തിലുള്ള ഒരു വ്യക്തിക്ക് ഉപഹാരം നൽകാൻ നിൽക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇറങ്ങിപ്പോകുന്നതെന്നും ദിവ്യ പറഞ്ഞിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056