തിരുവനന്തപുരം : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ കോൺഗ്രസിന്‍റെ നിലപാട് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ കേന്ദ്ര ഏജൻസികളുടെ കേസിൽ എന്താണ് നടപടിയെടുക്കാത്തത് എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാരെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
കോൺഗ്രസ് നേതാവ് അജയ് മാക്കനും ഇതുതന്നെയാണ് ഡൽഹിയിൽ ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇത് കോൺഗ്രസിന്‍റെ ഇരട്ടത്താപ്പാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന അഴിമതി കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയം വേണ്ടെന്നുവച്ചയാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഴിമതിക്കാർ എല്ലാവരും ഇപ്പോൾ ഒന്നിച്ചിരിക്കുകയാണ്. നിരവധി തവണ കോടതികളിൽ പോയിട്ടുള്ള ആളാണ് കെജ്‌രിവാൾ എന്നും, എന്നിട്ടും അറസ്‌റ്റ് തടയാൻ ഒരു കോടതിയും തയ്യാറായില്ല എന്നും കെ സുരേന്ദ്രൻ സൂചിപ്പിച്ചു.
തെളിവുകൾ ശക്തമാണെന്നാണ് അതിനർഥം. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വ്യക്തമായിരിക്കുന്നു. ഇത് എല്ലാ അഴിമതിക്കാർക്കുമുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കാർ എത്ര ഉന്നതരായാലും നരേന്ദ്രമോദി ഭരിക്കുമ്പോൾ അഴിയെണ്ണുമെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.